മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ മോശം പ്രകടനത്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മാത്രമല്ല ഉത്തരവാദിയെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ക്യാപ്റ്റനെന്ന നിലയിൽ പാണ്ഡ്യയ്ക്ക് ടീമിൽനിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒൻപതു മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ രണ്ടെണ്ണം മാത്രമാണ് വിജയിച്ചത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ടീം. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച മട്ടിലാണ് കാര്യങ്ങൾ. ഈ സാഹചര്യത്തിലാണ് താരങ്ങൾക്കെതിരെ മനോജ് തിവാരിയുടെ വിമർശനം.
ടീമിൽ ഹാർദിക് പാണ്ഡ്യ ഒറ്റപ്പെട്ടെന്നും തുടർച്ചയായ തോൽവികളിൽ താരത്തിന് ആരുടെയും പിന്തുണ ലഭിച്ചില്ലെന്നും തിവാരി ഒരു സ്പോർട്സ് മാധ്യമത്തോട് പറഞ്ഞു. ക്രിക്കറ്റിൽ ഒരു ക്യാപ്റ്റനിൽ എല്ലാ താരങ്ങൾക്കും ആത്മവിശ്വാസം ഉണ്ടായിരിക്കണം. എന്നാൽ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ഒരാൾ പോലും നിൽക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന് ഇപ്പോൾ പിന്തുണയാണ് ലഭിക്കേണ്ടത്. പക്ഷേ അത് സംഭവിക്കുന്നില്ലെന്നും മനോജ് തിവാരി കൂട്ടിച്ചേർത്തു.
അതേസമയം അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈയുടെ ഈ സീസണിലെ സാധ്യതകൾ ഏകദേശം അവസാനിച്ചതായി മുൻ ഇന്ത്യൻ താരം മുരളി കാർത്തിക് അഭിപ്രായപ്പെട്ടു. മുംബൈയ്ക്ക് ഇനി അഞ്ച് മത്സരങ്ങളാണുള്ളത്. അതെല്ലാം ജയിച്ചാലും 14 പോയിന്റ് മാത്രമേ നേടാനാകൂ. കൂടാതെ നിലവിൽ പട്ടികയിൽ മുന്നിലുള്ള ടീമുകൾ പിന്നോട്ട് പോവുകയും വേണം. അത് സംഭവിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും ടീം നിരാശപ്പെടുത്തുന്നതിൽ മാനേജ്മെന്റിനും അതൃപ്തിയുണ്ട്. ഓപ്പണർ രോഹിത് ശർമ പരിക്കേറ്റ് പുറത്തായതും ജസ്പ്രീത് ബുംറയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നേടാൻ സാധിക്കാത്തതും തിരിച്ചടിയാണ്.