മുംബൈ: വനിതാ സംവരണ ബില്ല് പാസാക്കാത്തതിൽ പ്രതിഷേധിച്ച് മുംബൈയിൽ ബിജെപി സംഘടിപ്പിച്ച റാലിക്കിടെ ഗതാഗതക്കുരുക്കുണ്ടായതിനെ തുടർന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനെതിരെ യുവതിയുടെ പ്രതിഷേധം. റോഡ് ഉപരോധിച്ചുള്ള റാലിക്കെതിരെ രോഷാകുലയായി സംസാരിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
മുംബൈയിലെ വർളിയിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടി ഗതാഗത തടസ്സത്തിന് കാരണമായി. മന്ത്രി ഗിരീഷ് മഹാജൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, മറ്റ് മൈതാനങ്ങൾ ഉണ്ടായിട്ടും എന്തിനാണ് റോഡ് ഉപരോധിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് യുവതി ചോദിച്ചു. ഗതാഗത തടസ്സമുണ്ടാക്കാതെ അവിടെ നിന്ന് പോകാൻ യുവതി മന്ത്രിയോട് ആവശ്യപ്പെട്ടു. പോലീസുകാർ ശാന്തമാക്കാൻ ശ്രമിച്ചിട്ടും യുവതി പിന്മാറിയില്ല. സാധാരണക്കാർ ബുദ്ധിമുട്ടുന്നത് കാണാൻ സാധിക്കുന്നില്ലേയെന്നും യുവതി ചോദിച്ചു.
യുവതി സ്വന്തം ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്താണ് മന്ത്രിക്ക് മുന്നിലെത്തിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. യുവതിയുടെ ധൈര്യത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. ബിജെപിയുടെ പ്രതിഷേധ രീതികളെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്ത് വന്നു. ബിജെപി നടത്തുന്ന നാടകങ്ങളുടെ യഥാർത്ഥ മുഖമാണ് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അഭിപ്രായപ്പെട്ടു.