തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. ഈ മാസം 21-ന് പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ഇതിന് അന്തിമ അംഗീകാരം നൽകും. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പുതുക്കുന്ന തുകയുടെ 83.75 ശതമാനം വിഹിതവും ക്ഷീരകർഷകർക്ക് നേരിട്ട് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും.
ബാക്കി 0.5 ശതമാനം പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രക്രിയകൾക്കായി വിനിയോഗിക്കും. ഈ കണക്കനുസരിച്ച് കർഷകന് ലിറ്ററിന് 3.33 രൂപ അധികമായി ലഭിക്കും. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് വില വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് മിൽമ കടന്നത്. ഇതിനായി നിയോഗിച്ച മൂന്നംഗ പഠനസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ വർധനവ്. ഇതോടെ ഒരു ലിറ്റർ മിൽമ പാലിന്റെ വില 56 രൂപയാകും. പാലിന് വില കൂടുന്നതോടെ മിൽമയുടെ മറ്റ് ഉൽപന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കാൻ സാധ്യതയുണ്ട്.