മഹാരാഷ്ട്ര: റായ്ഗഡ് ജില്ലയിലെ പോളാദ്പൂർ-മഹാബലേശ്വർ റോഡിലുള്ള അംബേനാലി ഘട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രശസ്ത മറാത്തി ടെലിവിഷൻ താരം മഹേഷ് പവാറും ഏഴ് സുഹൃത്തുക്കളും മരണപ്പെട്ടു. ‘അപ്പി ആംചി കളക്ടർ’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഇരുപത്തിയഞ്ചുകാരനായ മഹേഷ് പവാർ ഉൾപ്പെടെയുള്ള എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ആയിരം അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
മഹേഷ് പവാറിനെ കൂടാതെ സത്താറ സ്വദേശികളായ റിതേഷ് ലോഖണ്ഡെ, സുഹാസ് ലോഖണ്ഡെ, ഉത്കർഷ് ഷിംഗ്തെ, നിഖിൽ ഷിംഗ്തെ, ആദിത്യ സാലുങ്കെ, രാജേഷ് കട്കർ, രത്നഗിരി സ്വദേശിയായ അൻഷ് ചവാൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. 19-നും 35-നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദാപോളിയിലെ ഹാർണെയിൽ നിന്നും സത്താറയിലേക്ക് യാത്ര തിരിച്ച ഇവർ ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
യുവാക്കളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പോളാദ്പൂരിന് സമീപം കാണിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്ച രാവിലെ കൊക്കയിൽ തകർന്നടിഞ്ഞ നിലയിൽ വാഹനം കണ്ടെത്തിയത്. വാഹനം ഓടിച്ചിരുന്നയാൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. നാടിനെ നടുക്കിയ ഈ വൻ ദുരന്തത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.