മണിപ്പൂർ: മണിപ്പൂരിൽ നാഗ – കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉഖ്റൂലിലാണ് സംഭവം. അക്രമികൾ നിരവധി വീടുകൾക്ക് തീയിട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുന്നത്.
ഉഖ്റൂലിൽ നാഗ, കുക്കി വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കാംജോങ് സ്വദേശിയായ നാഗ വില്ലേജ് ഗാർഡ് അംഗം കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഹോർഷാക്മി ജമാങ് (29) ആണ് മരിച്ചത്. സീനകൈതൈയിൽ സുരക്ഷാ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.
2023 മെയ് 3-ന് മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട മെയ്തി – കുക്കി വംശീയ കലാപം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംസ്ഥാനത്ത് സമാധാനം പൂർണ്ണമായി പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഭൂരിപക്ഷ സമുദായമായ മെയ്തി വിഭാഗത്തെ പട്ടികവർഗ്ഗ പദവിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ കുക്കി വിഭാഗം നടത്തിയ പ്രതിഷേധമാണ് കലാപത്തിന് തുടക്കമിട്ടത്. ഈ പോരാട്ടത്തിൽ ഇതുവരെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും 60,000-ത്തിലധികം പേർക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തു. പുതിയതായി നാഗ-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും തലപൊക്കുന്നത് മണിപ്പൂരിലെ ക്രമസമാധാന നില കൂടുതൽ വഷളാക്കുകയാണ്.