മലപ്പുറം: മലപ്പുറം മഞ്ചേരിക്കടുത്ത് പൂക്കോട്ടൂരിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് പിഞ്ചുബാലന്മാർ തോട്ടിൽ വീണ് മരിച്ചു. സഹോദരിമാരുടെ മക്കളായ ആദിൽ ഫിറാസ് (7), മുഹമ്മദ് ഫഹ്ലാൻ (4) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. പൂക്കോട്ടൂർ മാണിക്കംപാറയിലുള്ള അമ്മൂമ്മയുടെ വീട്ടിലായിരുന്നു കുട്ടികൾ ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ വീടിനടുത്തുള്ള പരപ്പതോട്ടിലേക്ക് ഇവർ കളിക്കാൻ പോവുകയായിരുന്നു. മഴ പെയ്തതിനെത്തുടർന്ന് തോട്ടിൽ കുത്തൊഴുക്കും വെള്ളവും കൂടുതലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും തോട്ടിൽ കണ്ടെത്തിയത്. ആദിൽ ഫിറാസ് മേൽമുറി സ്വദേശി അഫ്സലിന്റെ മകനാണ്. പൂക്കോട്ടൂർ പി.കെ.എം.ഐ.സി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിൽ. മുഹമ്മദ് ഫഹ്ലാൻ കിഴിശേരി സ്വദേശി അബ്ദുൽ ജലീലിന്റെ മകനാണ്.
കിഴിശേരിയിലെ സ്വന്തം വീടിന്റെ പണി നടക്കുന്നതിനാലാണ് ഫഹ്ലാനും ഉമ്മയും പൂക്കോട്ടൂരിലെ തറവാട്ടിലേക്ക് എത്തിയത്. നാട്ടുകാർ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മഴക്കാലമായതിനാൽ വീടിന് സമീപമുള്ള തോടുകളിലും കുളങ്ങളിലും കുട്ടികൾ ഇറങ്ങുന്നില്ലെന്ന് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.