സിംഗപ്പൂർ: ഇന്ത്യൻ എഡ്ടെക് മേഖലയിലെ മുൻനിര സ്റ്റാർട്ടപ്പായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് കനത്ത തിരിച്ചടിയായി സിംഗപ്പൂർ കോടതിയുടെ നടപടി. കോടതി അലക്ഷ്യക്കേസിൽ ബൈജു രവീന്ദ്രന് ആറുമാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. 2024 ഏപ്രിൽ മുതൽ തന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രമുഖ രാജ്യാന്തര വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്.
കോടതി ഉത്തരവ് പ്രകാരം ബൈജു രവീന്ദ്രൻ ഉടൻ തന്നെ സിംഗപ്പൂർ അധികൃതർക്ക് മുന്നിൽ കീഴടങ്ങണം. ഇതിനു പുറമെ കോടതിച്ചെലവായി 70,500 ഡോളർ (ഏകദേശം 58 ലക്ഷത്തിലധികം രൂപ) പിഴയായും ഒടുക്കേണ്ടതുണ്ട്. ബൈജൂസുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥാപനമായ ‘ബീയാർ ഇൻവെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ഖത്തർ ഹോൾഡിങ്സ് നൽകിയ പരാതിയിലാണ് നടപടി. കമ്പനി തകർച്ചയിലേക്ക് നീങ്ങിയ സാഹചര്യത്തിൽ, തങ്ങൾ നിക്ഷേപിച്ച 235 മില്യൺ ഡോളർ തിരിച്ചുപിടിക്കുന്നതിനായുള്ള നിയമനടപടികളുടെ ഭാഗമായാണ് ഖത്തർ കമ്പനി കോടതിയെ സമീപിച്ചത്.
സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തണമെന്നും ഉടമസ്ഥാവകാശ രേഖകൾ സമർപ്പിക്കണമെന്നും കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബൈജു രവീന്ദ്രൻ അത് അവഗണിക്കുകയായിരുന്നു. നിലവിൽ അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ വായ്പാദാതാക്കളുമായി ബൈജു നിയമപോരാട്ടത്തിലാണ്. ബൈജൂസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും സ്ഥാപകനെതിരെയുള്ള പുതിയ നിയമനടപടികളും സ്റ്റാർട്ടപ്പ് ലോകത്ത് വലിയ ചർച്ചയാവുകയാണ്. കോടതി വിധിയോട് ബൈജു രവീന്ദ്രനോ അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബൈജു നിലവിൽ ഏത് രാജ്യത്താണുള്ളത് എന്ന കാര്യത്തിലും നിലവിൽ വ്യക്തതയില്ല.