ഡൽഹി: രാജ്യതലസ്ഥാനത്തെ ഭാരതീയ ജനതാ പാർട്ടി ദേശീയ ആസ്ഥാനത്തിന് നേരെ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഈ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ ഡൽഹി ദീൻദയാൽ ഉപാധ്യായ മാർഗിലുള്ള കേന്ദ്ര കാര്യാലയത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ അതീവ ശക്തമാക്കി. ഡൽഹി പോലീസ്, സി.ആർ.പി.എഫ്, മറ്റ് അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവരുടെ അധിക സേനയെ നിലവിൽ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഓഫീസിലേക്ക് പ്രവേശിക്കുന്ന ഓരോ വ്യക്തിയെയും കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മാത്രമാണ് കടത്തിവിടുന്നത്.
നേരത്തെ ഡൽഹി പോലീസ് പിടികൂടിയ നേപ്പാൾ സ്വദേശികൾ ഉൾപ്പെടെയുള്ള ഒൻപത് ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇവർക്ക് പാകിസ്താൻ ഭീകരവാദ സംഘടനകളുമായും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായും അടുത്ത ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡി കമ്പനിയും പാക് ചാരസംഘടനയായ ഐ.എസ്.ഐയും (ISI) സംയുക്തമായി ചേർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്നതായാണ് പിടിയിലായവർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
ഡൽഹിയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ, പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ, സൈനിക തലവന്മാർ എന്നിവരെയായിരുന്നു ഭീകരർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇന്റലിജൻസ് വിഭാഗം നൽകിയ അതീവ ഗൗരവകരമായ ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ, ബിജെപി കാര്യാലയത്തെ ലക്ഷ്യമിട്ട ഭീകരവാദ ശൃംഖലയെ കണ്ടെത്താനായി രാജ്യത്തെ പ്രമുഖ രഹസ്യാന്വേഷണ ഏജൻസികൾ വിപുലമായ അന്വേഷണം തുടരുകയാണ്.