ചെന്നൈ: ബക്രീദ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിർണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിൽ പശുക്കളെ അറുക്കുന്നത് കോടതി പൂർണമായും നിരോധിച്ചു. പൊതുസ്ഥലങ്ങളിലോ താൽക്കാലികമായി നിർമിച്ച ഷെഡുകളിലോ യാതൊരുവിധ മൃഗബലിയും അനുവദിക്കരുതെന്നാണ് കോടതിയുടെ കർശന ഉത്തരവ്. ഈ നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തമിഴ്നാട് ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കോടതി നിർദേശം നൽകി.
പൊതുസ്ഥലങ്ങളിലോ വഴിയോരങ്ങളിലോ മൃഗങ്ങളെ അറുക്കുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും, ഇത് ഗുരുതരമായ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. സർക്കാർ അംഗീകരിച്ചിട്ടുള്ള ലൈസൻസുള്ള കശാപ്പ് ശാലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലും മാത്രമേ ബക്രീദിനോട് അനുബന്ധിച്ചുള്ള കശാപ്പുകൾ നടത്താൻ പാടുള്ളൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി.
നിയമം ലംഘിച്ച് ജനവാസ മേഖലകളിലോ താൽക്കാലിക ഷെഡുകളിലോ മൃഗബലി നടത്തിയാൽ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കോടതി നിർദേശം ലംഘിക്കപ്പെടാതിരിക്കാൻ ജില്ലാ കളക്ടർമാർക്കും പോലീസ് കമ്മീഷണർമാർക്കും ചീഫ് സെക്രട്ടറി വഴി അടിയന്തര നിർദേശം ഇതിനോടകം കൈമാറിക്കഴിഞ്ഞു.