കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തിൽ സിനിമയെ വെല്ലുന്ന പോരാട്ടവീര്യവുമായി ബിജെപിയും തൃണമൂലും നേർക്കുനേർ. തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ താൻ സിനിമയിലെ ‘പുഷ്പ’യെപ്പോലെയാണെന്ന് അവകാശപ്പെട്ടതിന് മറുപടിയുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി രംഗത്ത്. ഫാൽട്ടയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് സുവേന്ദു കടുത്ത ഭാഷയിൽ വെല്ലുവിളി നടത്തിയത്.
‘ഈ പുഷ്പയുടെ ഉത്തരവാദിത്വം ഇപ്പോൾ എനിക്കാണ്. അയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം’ എന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ഫാൽട്ട മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ നടന്ന അക്രമ സംഭവങ്ങളാണ് നിലവിലെ വാക്പോരിലേക്ക് നയിച്ചത്. ആദ്യഘട്ട വോട്ടെടുപ്പിൽ ബിജെപി പ്രവർത്തകരെ വോട്ട് ചെയ്യാൻ അനുവദിക്കാത്തതിനെത്തുടർന്ന് മെയ് 21-ന് മണ്ഡലത്തിൽ റീപോളിംഗ് നിശ്ചയിച്ചിരിക്കുകയാണ്.
ക്രമസമാധാന ചുമതലയുള്ള എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ തന്നെ സന്ദർശിച്ചതിന് പിന്നാലെയാണ് ജഹാംഗീർ ഖാൻ സ്വയം ‘പുഷ്പ’ എന്ന് വിശേഷിപ്പിച്ചത്. മയക്കുമരുന്ന് മാഫിയയിലൂടെ വളർന്ന സിനിമാ കഥാപാത്രത്തെപ്പോലെ താനും കരുത്തനാണെന്നായിരുന്നു ഖാന്റെ അവകാശവാദം. തൃണമൂൽ സ്ഥാനാർത്ഥി കൂടിയായ ജഹാംഗീർ ഖാൻ കുപ്രസിദ്ധ ക്രിമിനലാണെന്നും റീപോളിംഗിൽ ബിജെപി ശക്തമായി തിരിച്ചടിക്കുമെന്നും സുവേന്ദു പ്രഖ്യാപിച്ചു. മമത ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി പ്രതിനിധീകരിക്കുന്ന ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് ഫാൽട്ട നിയമസഭാ മണ്ഡലം വരുന്നത്. 294 മണ്ഡലങ്ങളുള്ള ബംഗാളിൽ ഫാൽട്ടയിലെ ഫലം വരാത്തതിനാൽ നിലവിൽ 293 സീറ്റുകളിലെ ഫലം മാത്രമേ പുറത്തു വന്നിട്ടുള്ളൂ. മെയ് 24-ന് നടക്കുന്ന വോട്ടെണ്ണലിലൂടെ ഫാൽട്ട ആർക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാകും.