കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നേറ്റം. ഏകദേശം 15 വർഷം നീണ്ട തൃണമൂൽ ഭരണത്തിന് ശേഷം ബിജെപി സംസ്ഥാനത്ത് 200 സീറ്റുകളിലേക്ക് അടുക്കുകയാണെന്നാണ് സൂചന. ദശാബ്ദങ്ങളായി ലക്ഷ്യം വെച്ചിരുന്ന ബംഗാൾ ഭരണം ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്നും കരുതുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃണമൂൽ കോൺഗ്രസിന്റെ സീറ്റുകൾ ഗണ്യമായി കുറയുകയാണ്.
ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിൽ ഹിന്ദു വോട്ടുകളുടെ ഏകീകരണമാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടുകളിൽ ഇത്തവണ കുറവുണ്ടായി. നന്ദിഗ്രാം പോലുള്ള മണ്ഡലങ്ങളിലെ മുസ്ലിം ബൂത്തുകളിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ ബംഗാളിൽ പാർട്ടി പ്രതീക്ഷിച്ച വിജയം നേടുന്നതിനൊപ്പം തൃണമൂലിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്താനും ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.
ബംഗാളിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഉറപ്പ് വോട്ടർമാരെ സ്വാധീനിച്ചു. ബിഹാറിലൂടെ ഗംഗ ബംഗാളിലേക്ക് ഒഴുകും എന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ബിജെപിയുടെ മുന്നേറ്റം. അതേസമയം ബംഗാൾ ഭരിച്ചിരുന്ന ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും അടിത്തറ തകർന്നുവെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു. തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.