കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ നിർണ്ണായക മുന്നേറ്റം. സംസ്ഥാനത്തെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബംഗാളിൽ ആദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദു അധികാരിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. കേന്ദ്ര നിരീക്ഷകനായി എത്തിയ അമിത് ഷാ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുവേന്ദു അധികാരിയുടെ പേര് നിർദ്ദേശിച്ചത്.
പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി, ഭരണഘടനാപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗവർണർ ആർ.എൻ രവി നിലവിലെ നിയമസഭ പിരിച്ചുവിട്ടു. രണ്ട് പതിറ്റാണ്ടിന് ശേഷം ബംഗാളിന് ഉപമുഖ്യമന്ത്രിമാരെ ലഭിക്കാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന സുവേന്ദു അധികാരിയെ ഭരണകാര്യങ്ങളിൽ സഹായിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരെ കൂടി നിയമിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ട്.