പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ വൻ അട്ടിമറി. അത്യുഷ്ണമുള്ള കാലാവസ്ഥയിൽ നടന്ന അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ, മുൻ ലോക ഒന്നാം നമ്പർ താരം ഡാനിൽ മെദ്വദേവിനെ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ ഓസ്ട്രേലിയയുടെ ആദം വാൾട്ടൺ പരാജയപ്പെടുത്തി. ലോക റാങ്കിങ്ങിൽ 97-ാം സ്ഥാനത്തുള്ള വാൾട്ടൺ, ആറാം സീഡായ മെദ്വദേവിനെ 6-2, 1-6, 6-1, 1-6, 6-4 എന്ന സ്കോറിനാണ് അട്ടിമറിച്ചത്. മൂന്നര മണിക്കൂറോളമാണ് ഈ മത്സരം നീണ്ടുനിന്നത്.
തുടർച്ചയായ മൂന്നാം ദിവസവും പാരീസിലെ താപനില 32 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. ഇത് കോർട്ട് വേഗത്തിൽ ഉണങ്ങുന്നതിനും കളിയുടെ വേഗത വർധിപ്പിക്കുന്നതിനും കാരണമായി. മത്സരത്തിന്റെ നിർണായകമായ അവസാന ഗെയിമിൽ സെർവ് ചെയ്യുകയായിരുന്ന മെദ്വദേവ് വരുത്തിയ ഇരട്ടപ്പിഴവ് അടക്കമുള്ള തുടർച്ചയായ നാല് പിഴവുകൾ വാൾട്ടന് കരിയറിലെ ആദ്യ ടോപ്പ്-10 വിജയത്തിലേക്കുള്ള വഴിതുറന്നു നൽകുകയായിരുന്നു. മെദ്വദേവിന്റെ റോളണ്ട് ഗാരോസിലെ തുടർച്ചയായ രണ്ടാം ആദ്യ റൗണ്ട് പുറത്താകലാണിത്.
ഫ്രഞ്ച് ഓപ്പണിലെ മോശം പ്രകടനത്തെക്കുറിച്ച് തോൽവിക്ക് ശേഷം മെദ്വദേവ് പ്രതികരിച്ചു. താൻ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രകടനം പുറത്തെടുക്കുന്നതെന്ന് തനിക്കറിയാമെന്നും, എന്നാൽ അത് ഇപ്പോൾ വെളിപ്പെടുത്തുന്നത് ഒഴികഴിവായി മാറുമെന്നതുകൊണ്ട് മനസ്സിൽ സൂക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ താരങ്ങൾ അപ്രതീക്ഷിതമായി പുറത്താവുന്നത് ടൂർണമെന്റിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.