ന്യൂയോർക്ക്: 2030 ഫുട്ബോൾ ലോകകപ്പിനായുള്ള യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുവേഫ. ക്ലബ്ബ് ഫുട്ബോളിലെ ആവേശപ്പോരാട്ടമായ ചാമ്പ്യൻസ് ലീഗിന് സമാനമായി, രണ്ട് തട്ടുകളായുള്ള പുതിയ യോഗ്യതാ സംവിധാനമാണ് നടപ്പിലാക്കാൻ പോകുന്നതെന്ന് യുവേഫ ഔദ്യോഗികമായി അറിയിച്ചു. 2028/29 യുവേഫ നേഷൻസ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമുകളെ ലീഗ് 1, ലീഗ് 2 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിക്കുന്നതാണ് പുതിയ രീതി.
ലീഗ് ഒന്നിൽ 36 രാജ്യങ്ങളെ 12 ടീമുകൾ വീതമുള്ള മൂന്ന് ഗ്രൂപ്പുകളായി തിരിക്കും. ചാമ്പ്യൻസ് ലീഗ് മാതൃകയിൽ ഓരോ ടീമും വ്യത്യസ്ത പോട്ടുകളിൽ നിന്നുള്ള ആറ് എതിരാളികളുമായി മത്സരിക്കണം. ഈ ഗ്രൂപ്പുകളിൽ മികച്ച റാങ്ക് നേടുന്ന ടീമുകൾക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ബാക്കിയുള്ള സ്ഥാനങ്ങൾ പ്ലേ-ഓഫ് മത്സരങ്ങളിലൂടെ തീരുമാനിക്കും. ലീഗ് രണ്ടിൽ റാങ്കിംഗിൽ പിന്നിലുള്ള 18 രാജ്യങ്ങളാണ് മത്സരിക്കുക. ഇവർക്കും ലോകകപ്പ് യോഗ്യതയ്ക്കുള്ള അവസരം ലഭിക്കും. ഈ മാറ്റങ്ങളിലൂടെ മത്സരങ്ങളിലെ തുല്യത വർദ്ധിപ്പിക്കാനും അനാവശ്യമായ മത്സരങ്ങൾ കുറച്ച് ആരാധകർക്ക് കൂടുതൽ ആവേശം നൽകാനും സാധിക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ വ്യക്തമാക്കി.
അന്താരാഷ്ട്ര ഫുട്ബോൾ കലണ്ടറിൽ കൂടുതൽ ദിവസങ്ങൾ കൂട്ടിച്ചേർക്കാതെ തന്നെ എല്ലാ ടീമുകൾക്കും തുല്യമായ അവസരം ഉറപ്പാക്കാൻ പുതിയ പരിഷ്കാരം സഹായിക്കും. യോഗ്യതാ മത്സരങ്ങൾക്ക് പുറമെ നേഷൻസ് ലീഗിന്റെ ഘടനയിലും യുവേഫ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിലെ നാല് ലീഗുകൾക്ക് പകരം 18 ടീമുകൾ വീതമുള്ള മൂന്ന് ഡിവിഷനുകളായി നേഷൻസ് ലീഗ് മാറും. ക്വാർട്ടർ ഫൈനൽ, ഫൈനൽ ഫോർ പോരാട്ടങ്ങൾ, പ്രൊമോഷൻ-റെലഗേഷൻ പ്ലേ-ഓഫുകൾ എന്നിവ മുൻപത്തെ പോലെ തന്നെ തുടരുമെന്നും യുവേഫ അറിയിച്ചു.