ഇന്ത്യ: ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കായിക വിപ്ലവത്തിന് വഴിയൊരുക്കി സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ഫിഫയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. 2026-ലെ പുരുഷ ലോകകപ്പ്, 2030 ലോകകപ്പ്, 2027 വനിതാ ലോകകപ്പ് തുടങ്ങി 2034 വരെയുള്ള 39 ആഗോള ഫുട്ബോള്‍ മത്സരങ്ങളുടെ സംപ്രേഷണാവകാശമാണ് സീ സ്വന്തമാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുറത്തുവന്ന ഈ വാര്‍ത്ത ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. കരാറിന്റെ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വെളിപ്പെടുത്തിയിട്ടില്ല.
കായിക പ്രേമികള്‍ക്കായി നാല് പുതിയ സ്പോര്‍ട്സ് ചാനലുകളാണ് സീ അവതരിപ്പിക്കുന്നത്. യൂണിറ്റ് 8 സ്പോര്‍ട്സ് 1, യൂണിറ്റ് 8 സ്പോര്‍ട്സ് 1 എച്ച്ഡി, യൂണിറ്റ് 8 സ്പോര്‍ട്സ് 2, യൂണിറ്റ് 8 സ്പോര്‍ട്സ് 2 എച്ച്ഡി എന്നിവയിലൂടെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. ഇതിനു പുറമെ, ഒടിടി പ്ലാറ്റ്ഫോമായ സീ5ലൂടെ തത്സമയ സ്ട്രീമിംഗും ലഭ്യമാകും. കാഴ്ചക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടഭാഷയില്‍ കളി ആസ്വദിക്കാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്. മത്സരങ്ങള്‍ക്കു പുറമെ ആഗോള ഫുട്ബോളിന്റെ സാംസ്കാരിക പശ്ചാത്തലവും മത്സര മനോഭാവവും വ്യക്തമാക്കുന്ന ഡോക്യുമെന്ററി പരമ്പരകളും പ്രേക്ഷകരിലേക്ക് എത്തും.
ഇന്ത്യന്‍ വിപണിയുടെ വലിയ സാധ്യതകളെ ഫിഫയും സീയും ഒരുപോലെ കാണുന്നു. ഫുട്ബോളിനെ രാജ്യത്തിന്റെ മുക്കുമൂലകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിക്ഷേപം നടത്തുന്നതെന്ന് സീ സിഇഒ പുനിത് ഗോയങ്ക വ്യക്തമാക്കി. ഇന്ത്യയിലെ യുവാക്കളും കായിക പ്രേമികളും അടങ്ങുന്ന വലിയ വിപണിയെ ലക്ഷ്യം വെച്ചുള്ള ഈ നീക്കം, സീയുടെ ഡിജിറ്റല്‍-ലീനിയര്‍ മേഖലകളിലെ വരിക്കാരുടെ എണ്ണം വലിയ തോതില്‍ ഉയര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍. ഫിഫയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിലും വലിയ ചലനങ്ങളാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ആഴ്ച തന്നെ കമ്പനിയുടെ ഓഹരി വില 10 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. വരും നാളുകളില്‍ ഇന്ത്യന്‍ കായിക പ്രക്ഷേപണ രംഗത്ത് സീ സുപ്രധാന പങ്ക് വഹിക്കുമെന്നതിന്റെ സൂചനയാണ് ഈ മുന്നേറ്റം.