ദോഹ: അടുത്ത മാസം വടക്കേ അമേരിക്കന്‍ രാജ്യങ്ങളായ യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ അരങ്ങേറുന്ന ഫിഫ ലോകകപ്പിനുള്ള ഖത്തറിന്റെ സാധ്യതാ പട്ടികയില്‍ മലയാളി താരം തഹ്സീന് മുഹമ്മദ് ജംഷീദ് ഇടംപിടിച്ചു. സ്പാനിഷ് പരിശീലകന് ജൂലന്‍ ലോപെറ്റെഗി പ്രഖ്യാപിച്ച 34 അംഗ പ്രാഥമിക സ്ക്വാഡിലാണ് ഈ പത്തൊന്പതുകാരന് ഉള്‍പ്പെട്ടത്. ലോകകപ്പിന്റെ അന്തിമ ടീമില്‍ ഇടംനേടിയാല്‍ മെഗാ ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യ മലയാളി താരമെന്ന ചരിത്രനേട്ടം തഹ്സീനെ തേടിയെത്തും.
കണ്ണൂര്‍ വളപട്ടണം സ്വദേശിയായ ജംഷീദിന്റെയും ഷൈമയുടെയും മകനാണ് തഹ്സീന്. ഖത്തറിലാണ് താരം ജനിച്ചതും വളര്‍ന്നതും. കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമായിരുന്ന പിതാവ് ജംഷീദാണ് തഹ്സീന്റെ ഫുട്ബോള്‍ പാഠങ്ങളിലെ ആദ്യ ഗുരു. ഖത്തറിലെ പ്രശസ്തമായ ആസ്പയര് അക്കാദമിയിലൂടെ വളര്‍ന്ന തഹ്സീന്, ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ ദുഹൈല്‍ ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന് എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.
ഖത്തറിന്റെ അണ്ടര്‍-16, 17, 19 ടീമുകളില്‍ നടത്തിയ മികച്ച പ്രകടനമാണ് തഹ്സീനെ സീനിയര്‍ ടീമിലെത്തിച്ചത്. 2024 ജൂണില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ താരം ദേശീയ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചു. വിങ്ങര്‍ സ്ഥാനത്ത് കളിക്കുന്ന തഹ്സീന്റെ ഡ്രിബ്ലിംഗ് മികവ് ടീമിന് വലിയ മുതല്‍ക്കൂട്ടാണ്. നിലവില്‍ ദോഹയില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ തഹ്സീന് സജീവമാണ്. മെയ് 28-ന് റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെതിരെയും ജൂണ്‍ 6-ന് എല്‍ സാല്‍വദോറിനെതിരെയും നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്ക് ശേഷം പരിശീലകന് അന്തിമ ടീമിനെ പ്രഖ്യാപിക്കും. സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ, ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഖത്തര്‍ ഇത്തവണ മത്സരിക്കുന്നത്.