ന്യൂഡൽഹി: നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രധാനമന്ത്രിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ മാർക്കോ റൂബിയോ ഔദ്യോഗികമായി ക്ഷണിച്ചു. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. വരും ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രിയുടെ വാഷിംഗ്ടൺ സന്ദർശനം ഉണ്ടായേക്കുമെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ ഇന്ത്യയിലെത്തിയ മാർക്കോ റൂബിയോ, കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആഗോള ആസ്ഥാനമായ മദർ ഹൗസും നിർമ്മല ശിശുഭവനും സന്ദർശിച്ചിരുന്നു. ഭാര്യ ജെന്നറ്റ് റൂബിയോ, യുഎസ് അംബാസഡർ സെർജിയോ ഗോർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് ഇതാദ്യമായാണ്. കൊൽക്കത്തയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഞായറാഴ്ച വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഹൈദരാബാദ് ഹൗസിൽ വെച്ച് മാർക്കോ റൂബിയോ വിപുലമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയിൽ നിന്നുള്ള എൽഎൻജി, അസംസ്കൃത എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും, ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫ് നയങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്യും. കൂടാതെ, ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക സമ്മേളനത്തിലും മാർക്കോ റൂബിയോ പങ്കെടുക്കും.