തുംകൂരു: കർണാടകയിലെ തുംകൂരുവിൽ ദുരഭിമാനക്കൊലപാതകം. ബന്ധുവായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ സ്വന്തം മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം പിതാവ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മേഘ്ന എന്ന 17 വയസ്സുകാരിയും അമ്മയുടെ ബന്ധത്തിലുള്ള യുവാവും പ്രണയത്തിലായിരുന്നു. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ വിവാഹം നടത്തിക്കൊടുക്കാൻ യുവാവിൻ്റെ വീട്ടുകാർ തയ്യാറായിരുന്നു. എന്നാൽ പിതാവ് തിമ്മരായപ്പയ്ക്ക് ഇതിനോട് എതിർപ്പുണ്ടായിരുന്നു. ഇതിനെച്ചൊല്ലി മകളുമായി ഇയാൾ വഴക്കിട്ടിരുന്നു. ഏപ്രിൽ 16-ന് മേഘ്നയെ വീടിന് സമീപത്തെ കിണറ്റിൽ തള്ളിയിട്ട് പാറക്കല്ല് എടുത്തിട്ടു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കുഴിച്ചുമൂടി. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ അമ്മ മേഘ്നയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഭാര്യയ്ക്കൊപ്പം കല്ലൻബെല്ല പോലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന് തിമ്മരായപ്പ പരാതി നൽകി.
ഒരു മാസത്തിലേറെയായി കാണാനില്ലാതിരുന്ന പെൺകുട്ടിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ തിമ്മരായപ്പ നാടുവിട്ടു. ധർമ്മസ്ഥലത്തും തിരുപ്പതിയിലുമെല്ലാം ഒളിവിൽ കഴിഞ്ഞ ഇയാളെ തുംകൂരു പോലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.