ഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ വർധിക്കാൻ സാധ്യതയുണ്ടെന്ന് സൂചന. കനത്ത നഷ്ടം നേരിടുന്ന എണ്ണക്കമ്പനികൾക്ക് അധിക സാമ്പത്തിക സഹായം നൽകേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് പ്രധാന കാരണമാണ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പെട്രോൾ വിലയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ ഇന്ധനവില വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും പൊതുമേഖലാ എണ്ണക്കമ്പനികൾ കനത്ത നഷ്ടം നേരിടുന്നതിനാൽ രാജ്യത്തും സമാനമായ വില വർധനവുണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയിൽ കേന്ദ്ര സർക്കാർ ഇന്ധനവില ഉയർത്താൻ തയ്യാറായിരുന്നില്ല. എന്നാൽ ഇത് രാജ്യത്തെ എണ്ണക്കമ്പനികൾക്ക് വലിയ നഷ്ടം വരുത്തിവെച്ചു. ഈ സാഹചര്യത്തിൽ എണ്ണക്കമ്പനികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഇന്ധന വില വർദ്ധിപ്പിക്കുന്നത് അനിവാര്യമായി വന്നേക്കും. അതിനാൽ പെട്രോൾ, ഡീസൽ വില വർധന സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉടൻ ഉണ്ടാകാൻ സാധ്യതയുണ്ട്.