തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ തോൽവിക്ക് പ്രധാന കാരണം മാധ്യമങ്ങളാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. പത്ത് വർഷം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഈ പരുവത്തിലാക്കിയത് മാധ്യമങ്ങളുടെ നിരന്തരമായ വേട്ടയാടലാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് വെള്ളാപ്പള്ളി നടത്തിയത്. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന സമീപനമാണ് സർക്കാരിനോട് മാധ്യമങ്ങൾ സ്വീകരിച്ചത്. തന്നെ വണ്ടിയിൽ കയറ്റിയാലും കുറ്റം, ഇറക്കിയാലും കുറ്റം എന്ന അവസ്ഥയായിരുന്നു. എന്നാൽ സർക്കാർ ചെയ്ത പല നല്ല കാര്യങ്ങളുടെയും ഗുണം ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന് നല്ലൊരു ഭരണം കാഴ്ചവയ്ക്കാൻ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
സിപിഐഎം നേതാവ് എ.എം. ആരിഫിനെതിരെയും വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചു. ആരിഫ് സംസാരിക്കുന്നത് മുസ്ലിം ലീഗിന്റെ സ്വരത്തിലാണെന്നും, അദ്ദേഹം സിപിഐഎമ്മിൽ നിന്ന് ചാടാൻ നിൽക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. തന്നെയും തന്റെ സമുദായത്തെയും അപകീർത്തിപ്പെടുത്താൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.