മുംബൈ: ഇന്ത്യയിലെ പ്രമുഖ നഗരമായ മുംബൈയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 103.54 രൂപയാണ്. അതേസമയം പാകിസ്താനിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 458.41 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് പാകിസ്താന്റെ സമ്പദ്വ്യവസ്ഥയിൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. പാകിസ്താനിൽ 7 ദിവസത്തേക്കുള്ള വാണിജ്യ കപ്പൽ ശേഖരം മാത്രമാണ് അവശേഷിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഏകദേശം മൂന്ന് മാസത്തേക്കുള്ള കരുതൽ ശേഖരം രാജ്യത്തുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് വരവ് കുറഞ്ഞതോടെ മറ്റ് 40-ൽ അധികം രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഇറക്കുമതി വൈവിധ്യവൽക്കരിച്ചിരുന്നു. ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ സ്റ്റേറ്റ് ടാക്സ്, തദ്ദേശീയമായ വ്യത്യാസങ്ങൾ എന്നിവ കാരണം പെട്രോൾ ലിറ്ററിന് 78 രൂപ മുതലുള്ള വിലയിലും ലഭ്യമാണ്. മൂല്യവർദ്ധിത നികുതി, ഗതാഗത ചിലവുകൾ എന്നിവയും നിരക്കുകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ലളിതമായി പറഞ്ഞാൽ പാകിസ്താനിലെ ഒരു പൗരൻ ഒരു ലിറ്റർ പെട്രോളിന് നൽകുന്നത് 458.41 രൂപയാണ്. അതായത് ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് നൽകേണ്ട വിലയുടെ നാല് ഇരട്ടിയോളമാണ് പാകിസ്താനിൽ നൽകേണ്ടി വരുന്നത്. പാകിസ്താൻ പെട്രോൾ മന്ത്രി അലി ഫർഖ്വസ് മാലിക് പറയുന്നത് നിലവിൽ ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിനുള്ള അത്രയും എണ്ണ ശേഖരം തങ്ങൾക്കില്ലെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ്. അത് പാകിസ്താനിലെ നയങ്ങളുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ദീർഘവീക്ഷണമാണ് ഇന്ധനശേഖരം ആ രാജ്യത്ത് വർദ്ധിക്കാൻ കാരണമെന്നും പാക് മന്ത്രി കൂട്ടിച്ചേർത്തു. ആഗോള ക്രൂഡ് ഓയിൽ വിലയാണ് തദ്ദേശീയമായി ഇന്ധന വിലയെ സ്വാധീനിക്കുന്നത്. വിനിമയ നിരക്കുകളിലെ മാറ്റങ്ങൾ, രൂപ-ഡോളർ വിനിമയ മൂല്യത്തിലെ വ്യതിയാനങ്ങൾ, ആഭ്യന്തര നികുതി നയങ്ങൾ എന്നിവയും ഇന്ത്യയിലെ വില നിർണ്ണയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രാജ്യാന്തര ക്രൂഡ് ഓയിൽ വിപണിയിൽ വലിയ അസ്ഥിരതകളുണ്ടെങ്കിലും ഇന്ത്യൻ ഓയിൽ കമ്പനികൾ ആവശ്യത്തിന് കരുതൽ ശേഖരം ഉറപ്പാക്കിയത് റീട്ടെയിൽ വിലയിൽ സ്ഥിരത കൊണ്ടുവരാൻ സഹായകമായി. നിലവിൽ ഇന്ത്യയിലെ ഓയിൽ കമ്പനികൾ നഷ്ടം സഹിച്ചാണ് മുന്നോട്ട് പോകുന്നത്. അതേസമയം രാജ്യാന്തര വിലയിൽ ഇനിയും വലിയ വർദ്ധനവുണ്ടായാൽ അത് ഇന്ത്യയിലും ഇന്ധന വില വർദ്ധിക്കാൻ കാരണമായേക്കും എന്ന വസ്തുതയും ബാക്കി നിൽക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ പണപ്പെരുപ്പം ഉയരുകയും അത് സാമ്പത്തിക വളർച്ചയെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യും.