ന്യൂഡൽഹി: ഇരുപത്തിയാറ് ഭാരതീയരുടെ ജീവൻ അപഹരിച്ച പഹൽഗാം ഭീകരാക്രമണക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈഫുള്ള എന്ന സാജിദ് ജാട്ട് ലാങ്ഡയാണ് ഈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള നിരോധിത തീവ്രവാദ സംഘടനയായ ടിആർഎഫിന്റെ കമാൻഡറാണ് ഇയാൾ.
ഇന്ത്യ തേടുന്ന കൊടും ഭീകരരിൽ ഒരാളായ സൈഫുള്ള, ലാഹോറിലെ ഒളിസങ്കേതത്തിൽ ഇരുന്ന് ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു. ആക്രമണസമയത്ത് ഇയാൾ ഭീകരരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പാകിസ്താനിലെ കസൂറിൽ ജനിച്ച ഇയാൾ 2005-ൽ കശ്മീരിലേക്ക് നുഴഞ്ഞുകയറി. 2005 മുതൽ 2007 വരെയുള്ള കാലയളവിൽ കുൽഗാമിൽ ഒളിവിൽ താമസിക്കവേ ഇയാൾ വിവാഹം കഴിക്കുകയും പിന്നീട് ഭാര്യയുമായി പാകിസ്താനിലേക്ക് മടങ്ങുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ബന്ധുക്കളുടെ മൊഴി എൻഐഎ രേഖപ്പെടുത്തിയിട്ടുണ്ട്.
തെക്കൻ കശ്മീരിൽ ഭീകരരുടെ വിപുലമായ ശൃംഖല കെട്ടിപ്പടുത്ത സൈഫുള്ള, ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് കടത്തിയിരുന്നതായും കുറ്റപത്രത്തിലുണ്ട്. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമാണ് ഇയാൾ ടിആർഎഫിന് രൂപം നൽകിയത്. ഏപ്രിൽ 15-16 തീയതികളിൽ ബെസരൻ താഴ്വരയിലെത്തിയ ഭീകരരും പാക് കമാൻഡർമാരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഐപി വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ചാറ്റ് വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ എൻഐഎ കുറ്റപത്രത്തിൽ സമർപ്പിച്ചിട്ടുണ്ട്.