ലോകം:
അന്യഗ്രഹ ജീവികളെയും പറക്കും തളികകളെയും കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകി അമേരിക്ക. അമേരിക്കൻ ഭരണകൂടം രഹസ്യമാക്കി വെച്ചിരുന്ന, വിശദീകരിക്കാനാകാത്ത ആകാശ പ്രതിഭാസങ്ങളെക്കുറിച്ചുള്ള ക്ലാസിഫൈഡ് ഫയലുകൾ അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ പുറത്തുവിട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ രഹസ്യങ്ങൾ ലോകത്തിന് മുന്നിലെത്തുന്നത്.
അപ്പോളോ 17 ദൗത്യം പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2025 സെപ്റ്റംബറിൽ പടിഞ്ഞാറൻ അമേരിക്കയിൽ പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തുവിന്റെ ദൃശ്യങ്ങൾ, 2023 സെപ്റ്റംബറിൽ കണ്ട 195 അടി നീളമുള്ള ഓവൽ രൂപത്തിലുള്ള പറക്കുന്ന വസ്തുവിന്റെ ചിത്രം എന്നിവ ഇതിൽപ്പെടുന്നു. 2022 മെയ് മാസത്തിൽ പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക വൈമാനികൻ എടുത്ത ചിത്രം, 2023 ഒക്ടോബറിൽ യുഎഇ-യുടെ ആകാശത്ത് കണ്ട അജ്ഞാത വസ്തു, ജപ്പാനടുത്ത് യുഎസ് ഇൻഡോ-പസഫിക് കമാൻഡ് കണ്ടെത്തിയ ഫുട്ബോൾ ആകൃതിയിലുള്ള വസ്തു എന്നിവയുടെ ദൃശ്യങ്ങളും ഫയലുകളിലുണ്ട്.
2023-ൽ മുൻ യുഎസ് ഇന്റലിജൻസ് ഓഫീസറായ ഡേവിഡ് ഗ്രഷ് നടത്തിയ വെളിപ്പെടുത്തലുകൾ വീണ്ടും ചർച്ചയാവുകയാണ്. മനുഷ്യനിർമ്മിതമല്ലാത്ത നിരവധി പേടകങ്ങൾ അമേരിക്കൻ സർക്കാരിന്റെ കൈവശമുണ്ടെന്നും, പതിറ്റാണ്ടുകളായി ഇവ റിവേഴ്സ് എഞ്ചിനീയറിംഗ് നടത്താനും സാങ്കേതികവിദ്യ പഠിക്കാനുമുള്ള രഹസ്യ പദ്ധതികൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 1947-ലെ റോസ്വെൽ സംഭവത്തിന് ഈ ഫയലുകൾ ഉത്തരം നൽകുമെന്നാണ് വിലയിരുത്തൽ. പെന്റഗൺ പുറത്തുവിടുന്ന പുതിയ രേഖകൾ അന്യഗ്രഹജീവികളെയും പറക്കും തളികകളെയും കുറിച്ചുള്ള ഇത്തരം നൂറുകണക്കിന് അഭ്യൂഹങ്ങൾക്ക് വിരാമമിടുമെന്ന് ശാസ്ത്രലോകവും നിരീക്ഷകരും പ്രതീക്ഷിക്കുന്നു.