ലുധിയാന: പഞ്ചാബിൽ ലഹരിമാഫിയക്കെതിരെ പോലീസ് നടത്തിയ ശക്തമായ പരിശോധനയിൽ മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ. പ്രമുഖ പഞ്ചാബി ഗായകൻ ഹർബീർ സിംഗ് സോഹലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് നിയന്ത്രിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രധാനിയാണ് ഹർബീർ സോഹലെന്ന് പോലീസ് വ്യക്തമാക്കി. ഖന്ന പോലീസ് നടത്തിയ അതീവ രഹസ്യമായ പരിശോധനക്കിടയിലാണ് ഗായകന്റെ ആഡംബര വാഹനമായ മഹിന്ദ്ര ഥാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 5 കിലോഗ്രാം ഹെറോയിൻ പോലീസ് പിടിച്ചെടുത്തത്. മയക്കുമരുന്നിനു പുറമെ 1.50 ലക്ഷം രൂപയുടെ ലഹരിപ്പണവും ആഡംബര വാഹനങ്ങളുടെ സ്പെയർ പാർട്സുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മാർച്ച് 7-ന് ദൊരാഹ പോലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കടത്ത് കേസിന്റെ തുടരന്വേഷണത്തിലാണ് നിർണായകമായ ഈ വഴിത്തിരിവ് ലഭിച്ചതെന്ന് ഖന്ന എസ്എസ്പി ദർപൻ അഹ്ലുവാലിയ അറിയിച്ചു. ലഹരിക്കടത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് ഒടുവിൽ ഗായകനിലേക്ക് എത്തിച്ചേർന്നത്. ഇതേ ഓപ്പറേഷന്റെ ഭാഗമായി ഇയാളുടെ കൂട്ടാളികളിൽ നിന്ന് 30 വെടിയുണ്ടകൾ, 10 ഗ്രാം ഐസ്, 569 ഗ്രാം ഹെറോയിൻ എന്നിവയും പോലീസ് നേരത്തെ കണ്ടുകെട്ടിയിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളെ 2022-ൽ നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെച്ചതിനും, വിദേശത്തുള്ള മാഫിയ തലവന്മാരുടെ നിർദ്ദേശപ്രകാരം വൻതോതിൽ പണം തട്ടിയെടുക്കൽ നടത്തിയതിനും മൊഹാലി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുമായുള്ള ബന്ധം സംബന്ധിച്ച് പഞ്ചാബ് പോലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് സൂചന.