ഡെൻമാർക്ക്: തോമസ് കപ്പ് ലോക പുരുഷ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയെ 5-0 എന്ന സ്കോറിന് തകർത്ത് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയം നേടിയതോടെ ഇന്ത്യ ഗ്രൂപ്പ് എയിൽ ചൈനയ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ്. ആദ്യ മത്സരത്തിൽ കാനഡയെ 4-1 ന് തോൽപ്പിച്ച ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ഇനി ഗ്രൂപ്പ് ചാമ്പ്യന്മാരെ തീരുമാനിക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യ ശക്തരായ ചൈനയെ നേരിടും.
ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ ലക്ഷ്യ സെൻ, ആയുഷ് ഷെട്ടി, എച്ച്.എസ് പ്രണോയ് എന്നിവർ സിംഗിൾസിൽ വിജയം കണ്ടു. ലക്ഷ്യ സെൻ എഫ്രയിം സ്റ്റീഫൻ സാമിനെയും, ആയുഷ് ഷെട്ടി ശ്രേയസ് ഡാൻഡിയെയും, എച്ച്.എസ് പ്രണോയ് റിഷി ഹോങ് ഭൂപതിയെയും പരാജയപ്പെടുത്തി. വെറും 30 മിനിറ്റ് മാത്രം നീണ്ട മത്സരത്തിലാണ് എച്ച്.എസ് പ്രണോയ് വിജയിച്ചത്.
ഡബിൾസിലും ഇന്ത്യൻ താരങ്ങൾ ആധിപത്യം തുടർന്നു. സാത്വിക്സായി രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം റിസ്കി ഹിദായത്ത്-ജാക്ക് യു സഖ്യത്തെയും, മലയാളി താരം എം.ആർ അർജുൻ ഉൾപ്പെട്ട സഖ്യം അൻഡിക റമദിയാൻ-എഫ്രയിം സഖ്യത്തെയും തോൽപ്പിച്ചു. സാത്വിക്-ചിരാഗ് സഖ്യം 21-14, 21-16 എന്ന സ്കോറിനും, അർജുൻ-ഹരിഹരൻ അംസകരുണൻ സഖ്യം 21-12, 21-10 എന്ന സ്കോറിനുമാണ് വിജയിച്ചത്.