സംസ്ഥാനം: തിരഞ്ഞെടുപ്പിലെ കനത്ത തോൽവി സൂക്ഷ്മമായി വിലയിരുത്തി തെറ്റുകൾ തിരുത്തി ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. പ്രതികൂല സാഹചര്യത്തിലും ഇടതുമുന്നണിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിനും അഭിപ്രായത്തിനും അനുസരിച്ച് എൽഡിഎഫ് തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നതായി കരുതുന്നില്ലെന്ന് ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജൂൺ 15-ന് ശേഷം എൽഡിഎഫ് യോഗം ചേർന്ന് തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുകയും തുടർ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുന്ന നിലപാട് ഇടതുമുന്നണിക്കില്ല. ജനക്ഷേമ കാഴ്ചപ്പാട് എൽഡിഎഫ് തുടരും.
യുഡിഎഫിന് 100-ൽ അധികം സീറ്റ് ലഭിക്കുമെന്ന വി.ഡി. സതീശന്റെ പ്രവചനം ശരിയായിരുന്നിരിക്കാം. എന്നാൽ എൽഡിഎഫ് അത്തരമൊരു ഫലം പ്രതീക്ഷിച്ചിരുന്നില്ല. ജനങ്ങളിലേക്ക് നേരിട്ടിറങ്ങി അവർ പറയുന്നത് കേട്ട് തെറ്റുകൾ തിരുത്താനാണ് പാർട്ടിയുടെ തീരുമാനം. ഇതിനായി പി.ആർ. ഏജൻസികളുടെ അടുത്തേക്ക് പോകാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ നിലവിൽ നേതൃമാറ്റം വരുത്തണമെന്ന യാതൊരു ആലോചനയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ.എമ്മിലെ പോസ്റ്റർ വിവാദത്തിൽ പാർട്ടിക്കോ എൽഡിഎഫിനോ പങ്കില്ല. വിമർശനവും സ്വയം വിമർശനവും ഇല്ലാതെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ല. പാർട്ടിയിൽ ഏകാധിപത്യമുണ്ടെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, ‘നിർഭയമായി അഭിപ്രായം പറയാം’ എന്ന് എം.വി. ഗോവിന്ദൻ പറഞ്ഞതിൽ തെറ്റില്ല. അതൊരു പ്രയോഗം മാത്രമാണെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ടി.പി. രാമകൃഷ്ണൻ എം.വി. ഗോവിന്ദന്റെ പ്രതികരണത്തെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.