ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായകമായ വഴിത്തിരിവ്. തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുമതി നിഷേധിച്ചു. കേവല ഭൂരിപക്ഷം ഇല്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ഗവർണർ അറിയിച്ചു. ഇതോടെ നാളെ രാവിലെ 11.30-ന് നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നടക്കില്ലെന്ന് ഉറപ്പായി.
നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. എന്നാൽ ടിവികെയ്ക്ക് ഒറ്റയ്ക്ക് 108 സീറ്റുകൾ മാത്രമാണ് നേടാനായത്. സർക്കാർ രൂപീകരിക്കാൻ കൃത്യമായ കേവല ഭൂരിപക്ഷം വേണമെന്ന സുപ്രീം കോടതി വിധി നിലവിലുണ്ട്. 113 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് വിജയ് ഗവർണർക്ക് നൽകിയ കത്തിൽ അവകാശപ്പെടുന്നു. വിജയ് നേരിട്ട് രാജ്ഭവനിൽ എത്തിയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് കത്ത് കൈമാറിയത്.
ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസും എൻഡിഎ സഖ്യം വിട്ട് എഐഎഡിഎംകെയും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് എഐഎഡിഎംകെ സഖ്യത്തിലേക്ക് ക്ഷണിച്ചെങ്കിലും സീറ്റ് ധാരണയിലെത്താൻ കഴിയാത്തതിനാൽ തമിഴക വെട്രി കഴകം ഒറ്റയ്ക്ക് ജനവിധി തേടാൻ തീരുമാനിക്കുകയായിരുന്നു.