അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിലെ വെളിച്ചക്കുറവ് മൂലമുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി നിർണ്ണായകമായ മാറ്റങ്ങൾക്ക് തുടക്കമിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). അഹമ്മദാബാദിൽ ചേർന്ന ഐസിസി ബോർഡ് യോഗത്തിൽ, വെളിച്ചക്കുറവ് അനുഭവപ്പെടാൻ സാധ്യതയുള്ള ടെസ്റ്റ് മത്സരങ്ങളിൽ ഇരു ടീമുകളുടെയും സമ്മതത്തോടെ ചുവന്ന പന്തിന് പകരം പിങ്ക് പന്ത് ഉപയോഗിക്കാനുള്ള പരീക്ഷണത്തിന് അനുമതി നൽകി. നിലവിൽ ഡേ-നൈറ്റ് ടെസ്റ്റുകളിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന പിങ്ക് പന്തിന്റെ ഉപയോഗം സാധാരണ ടെസ്റ്റ് മത്സരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
ഈ പരീക്ഷണം വിജയകരമായാൽ പകൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിലും വെളിച്ചക്കുറവ് ഉണ്ടാകുമ്പോൾ കളി തടസ്സമില്ലാതെ തുടരാൻ സാധിക്കും. ജൂൺ 4-ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് – ന്യൂസിലൻഡ് പരമ്പരയിൽ ഈ നിയമം ബാധകമല്ലെങ്കിലും, ഭാവിയിൽ വെളിച്ചക്കുറവ് മൂലമുള്ള സമയനഷ്ടം പൂർണ്ണമായും ഒഴിവാക്കുന്നതിനായി മെരിലബോൺ ക്രിക്കറ്റ് ക്ലബ്ബുമായി ചേർന്ന് ലൈറ്റിംഗ് സാങ്കേതികവിദ്യയിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തുമെന്ന് ഐസിസി വ്യക്തമാക്കി.
ക്രിക്കറ്റ് മത്സരങ്ങളുടെ വേഗതയും ആസ്വാദ്യതയും വർദ്ധിപ്പിക്കുന്നതിനായി മറ്റ് ചില പ്രധാന മാറ്റങ്ങളും ഐസിസി പ്രഖ്യാപിച്ചു. ഏകദിന, ടി20 മത്സരങ്ങളിലെ ഡ്രിങ്ക്സ് ബ്രേക്കുകളിൽ ഹെഡ് കോച്ചുമാർക്കോ മറ്റ് സ്റ്റാഫുകൾക്കോ ഗ്രൗണ്ടിലിറങ്ങി കളിക്കാരുമായി തന്ത്രങ്ങൾ ചർച്ച ചെയ്യാൻ അനുമതി നൽകി. കൂടാതെ, ടി20 ഇന്നിംഗ്സ് ഇടവേള 15 മിനിറ്റായി ക്രമീകരിക്കാനും, ലെഗ് സൈഡ് വൈഡുകൾ കൃത്യമായി നിർണ്ണയിക്കാൻ അമ്പയർമാർക്ക് ഹോക്ക്-ഐ ഡാറ്റ ലഭ്യമാക്കാനും തീരുമാനമായി. സംശയകരമായ ബൗളിംഗ് ആക്ഷനുകൾ വിലയിരുത്തുന്നതിനും ഇതേ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും.