ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറിൽ അതിർത്തി കടക്കാൻ ശ്രമിച്ച സംഘത്തെ സുരക്ഷാ സേന തടഞ്ഞു. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് പേരെ പിടികൂടിയത്.
കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉറി മേഖലയിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്. ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനയ്ക്കിടെ, ശത്രുതാപരമായ ലക്ഷ്യങ്ങളോടെ അതിർത്തി കടക്കാൻ ശ്രമിച്ച സോപോർ സ്വദേശികളായ രണ്ട് യുവാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന പ്രാദേശിക ഗൈഡിനെയും സൈന്യം പിടികൂടിയിട്ടുണ്ട്.
രഹസ്യവിവരത്തെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രത പുലർത്തിയിരുന്ന സൈനികരാണ് സംശയസ്പദമായ സാഹചര്യത്തിൽ ഇവരെ പിടികൂടിയതെന്ന് ചിനാർ കോർപ്സ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി.