ചൊവ്വ: നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ നടത്തിയ പുതിയ രാസപരിശോധനകളിൽ ജീവന്റെ അടിസ്ഥാന ഘടകങ്ങളായ ജൈവകണങ്ങൾ കണ്ടെത്തി. 2020-ൽ ചൊവ്വയിലെ പാറയിൽ നിന്നും ശേഖരിച്ച സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഈ കണ്ടെത്തൽ. ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും വൈവിധ്യമാർന്ന ജൈവ തന്മാത്രകളുടെ ശേഖരമാണിത്.
ഇംഗ്ലീഷ് ഫോസിൽ ഗവേഷക മേരി ആനിങ്ങിന്റെ സ്മരണാർത്ഥം പേരിട്ടിരിക്കുന്ന ‘മേരി ആനിങ് 3’ സാംപിളിലാണ് തന്മാത്രകൾ കണ്ടെത്തിയത്. കാർബൺ അടങ്ങിയ 21 തന്മാത്രകളിൽ ഏഴെണ്ണം ചൊവ്വയിൽ ആദ്യമായാണ് കണ്ടെത്തുന്നത്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തടാകങ്ങളും അരുവികളും ഉണ്ടായിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന മൗണ്ട് ഷാർപ്പിലെ കളിമൺ നിറഞ്ഞ പ്രദേശത്ത് നിന്നാണ് സാംപിൾ ശേഖരിച്ചത്. ജനിതക വിവരങ്ങളുടെ അടിസ്ഥാനമായ ഡി.എൻ.എ, ആർ.എൻ.എ എന്നിവയുടെ മുൻഗാമികളായി കണക്കാക്കപ്പെടുന്ന നൈട്രജൻ ഹെറ്ററോസൈക്കിളുകൾ കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. സൗരയൂഥത്തിന്റെ തുടക്കകാലത്ത് ജീവന്റെ അടിസ്ഥാന കണികകൾ വിതരണം ചെയ്തെന്ന് വിശ്വസിക്കപ്പെടുന്ന ഉൽക്കകളിൽ സാധാരണയായി കണ്ടുവരുന്ന ‘ബെൻസോതയോഫീൻ’ എന്ന തന്മാത്രയും ഇതിലുണ്ട്.
ക്യൂരിയോസിറ്റി റോവറിനുള്ളിലെ ‘സാംപിൾ അനാലിസിസ് അറ്റ് മാർസ്’ (SAM) എന്ന മിനി ലാബിലാണ് പരിശോധനകൾ നടന്നത്. ടെട്രാമെഥൈൽ അമോണിയം ഹൈഡ്രോക്സൈഡ് (TMAH) എന്ന ലായനി ഉപയോഗിച്ചുള്ള ‘വെറ്റ് കെമിസ്ട്രി’ പരീക്ഷണങ്ങളിലൂടെയാണ് സങ്കീർണ്ണമായ തന്മാത്രകളെ വേർതിരിച്ചെടുത്തത്. തന്മാത്രകൾ ഏതെങ്കിലും ജൈവപ്രക്രിയയിലൂടെ ഉണ്ടായതാണോ അതോ ചൊവ്വയിലെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളിലൂടെ രൂപപ്പെട്ടതാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല. പുരാതന ചൊവ്വയിൽ ജീവന് അനുകൂലമായ രാസസാഹചര്യങ്ങൾ ഉണ്ടായിരുന്നുവെന്ന നിഗമനത്തെ ഈ കണ്ടെത്തൽ ശരിവെക്കുന്നു. ചൊവ്വയുടെ കാലാവസ്ഥയിലും റേഡിയേഷനിലും കോടിക്കണക്കിന് വർഷങ്ങളായി ജൈവതന്മാത്രകൾ നശിക്കാതെ കിടക്കുന്നു എന്നത് പ്രതീക്ഷ നൽകുന്നു. ഈ പഠനത്തിന്റെ വിശദാംശങ്ങൾ ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.