ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിക്കുന്ന ആഗോള പ്രതിസന്ധികൾക്കിടയിൽ കടുത്ത ചെലവുചുരുക്കൽ നടപടികളുമായി മാരുതി സുസുക്കി ഇന്ത്യ രംഗത്ത്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും വിദേശ കറൻസി ചെലവുകൾ നിയന്ത്രിക്കുന്നതിനുമായി കമ്പനി ഓഫീസുകളിലും യാത്രാരീതികളിലും വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ചെലവുചുരുക്കൽ ആഹ്വാനത്തിന് പിന്തുണ നൽകിക്കൊണ്ടാണ് വാഹന നിർമ്മാണ ഭീമൻ ഇത്തരം സുപ്രധാന തീരുമാനങ്ങളിലേക്ക് കടന്നത്.
ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സാധ്യമായ ഇടങ്ങളിലെല്ലാം ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സൗകര്യം ഏർപ്പെടുത്തി. കൂടാതെ, അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനും ആഭ്യന്തര യാത്രകൾ പരമാവധി കുറയ്ക്കാനും മാനേജ്മെന്റ് നിർദ്ദേശം നൽകി. ഇനി മുതൽ ബിസിനസ് മീറ്റിംഗുകൾക്കായി വെർച്വൽ പ്ലാറ്റ്ഫോമുകൾക്ക് മുൻഗണന നൽകും. ജീവനക്കാരോടും പങ്കാളികളോടും യാത്രകളിൽ കാർപൂളിംഗ് സംവിധാനമോ പൊതുഗതാഗതമോ ഉപയോഗിക്കാനും കമ്പനി അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനായി എല്ലാ ബിസിനസ് പ്രക്രിയകളും പുനഃപരിശോധിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചു. ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. എയർ കണ്ടീഷണറുകൾ, ഫാനുകൾ, ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവയുടെ ഉപയോഗം കാര്യക്ഷമമാക്കാനും അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കാനും ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. ഇത് രാജ്യത്തിന്റെ ഇറക്കുമതി ബില്ലിനെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് മാരുതി സുസുക്കി മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. ഏകദേശം 53,000-ത്തിലധികം ജീവനക്കാരുള്ള കമ്പനിയുടെ ഈ തീരുമാനങ്ങൾ പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും ബിസിനസ് സുസ്ഥിരമായി നിലനിർത്തുന്നതിനും സഹായിക്കുമെന്ന് മാനേജ്മെന്റ് വിലയിരുത്തുന്നു.