ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ഈ സംയോജിത പദ്ധതി അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ക്യാമ്പ്ബെൽ ബേയിൽ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകൃതിക്കും ഗോത്രവർഗ പൈതൃകത്തിനും എതിരായ കുറ്റകൃത്യമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന വിമർശനം. വികസനത്തിന്റെ ഭാഷയിൽ പൊതിഞ്ഞ വിനാശം എന്ന് പദ്ധതിയെ വിശേഷിപ്പിച്ച അദ്ദേഹം, ഏകദേശം 160 ചതുരശ്ര കിലോമീറ്റർ മഴക്കാടുകൾ നശിപ്പിക്കപ്പെടുമെന്നും ദശലക്ഷക്കണക്കിന് മരങ്ങൾ വെട്ടിമാറ്റപ്പെടുമെന്നും ആരോപിച്ചു. എന്നാൽ, രാഹുലിന്റെ ഈ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ഭദൗരിയ ചൂണ്ടിക്കാട്ടി. ലോക വ്യാപാരത്തിന്റെ 25-30 ശതമാനവും കടന്നുപോകുന്ന മലാക്ക കടലിടുക്കിൽ നിന്ന് വെറും 150 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രദേശമെന്നും അദ്ദേഹം വിശദീകരിച്ചു. ചൈനയുടെ ഊർജ്ജ ഇറക്കുമതിയുടെ 75 ശതമാനവും ഈ കടലിടുക്കിനെയാണ് ആശ്രയിക്കുന്നത്.
ഗ്രേറ്റ് നിക്കോബാർ പദ്ധതി രാജ്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്ന ഒരു ‘സ്മാർട്ട് സിറ്റി’ എന്ന നിലയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. 16.2 ദശലക്ഷം യൂണിറ്റ് കൈകാര്യം ചെയ്യാൻ ശേഷിയുള്ള അന്താരാഷ്ട്ര കണ്ടെയ്നർ തുറമുഖം, സിവിലിയൻ-സൈനിക ആവശ്യങ്ങൾക്കായി പ്രത്യേക എൻക്ലേവോടു കൂടിയ വിമാനത്താവളം, ഗ്യാസും സൗരോർജ്ജവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന 450 മെഗാവാട്ട് പ്ലാന്റ്, 6.5 ലക്ഷം പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന പുതിയ നഗരം എന്നിവയാണ് പ്രധാന ഘടകങ്ങൾ. വൻതോതിലുള്ള വനനശീകരണം നടക്കുമെന്ന പ്രചാരണങ്ങൾ അദ്ദേഹം തള്ളി. ആകെ വനവിസ്തൃതിയുടെ 1.78 ശതമാനം മാത്രമേ ഈ പദ്ധതിയെ ബാധിക്കൂ എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഗോത്രവർഗക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.