ന്യൂഡൽഹി: പാക് അധിനിവേശ ജമ്മു കശ്മീരിലെ ഗിൽജിത് ബാൾട്ടിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള പാക്കിസ്ഥാന്റെ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം. ഗിൽജിത് ബാൾട്ടിസ്ഥാൻ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശം എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് പാക്കിസ്ഥാന് ഭാരതം കർശന മുന്നറിയിപ്പ് നൽകി.
പാക് അധിനിവേശ കശ്മീരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ, രാഷ്ട്രീയ അടിച്ചമർത്തലുകൾ, സാമ്പത്തിക ചൂഷണം, ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കൽ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാക്കിസ്ഥാൻ ഇത്തരം ശ്രമങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം നടപടികൾ കൊണ്ട് അവിടുത്തെ യഥാർത്ഥ സാഹചര്യങ്ങൾ മറച്ചുവെക്കാൻ പാക്കിസ്ഥാന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാൻ അനധികൃതമായും ബലപ്രയോഗത്തിലൂടെയും പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശമാണ് ഗിൽജിത്-ബാൾട്ടിസ്ഥാൻ. വരും ജൂൺ 7-ന് ‘ഗിൽജിത്-ബാൾട്ടിസ്ഥാൻ അസംബ്ലി’ എന്ന പേരിൽ തിരഞ്ഞെടുപ്പ് നടത്താനാണ് പാക്കിസ്ഥാൻ നീക്കം നടത്തുന്നത്. ഈ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഭാരതം തന്റെ നിലപാട് ശക്തമായി അറിയിച്ചിട്ടുണ്ട്.