ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്ത്. ധാർമ്മികത നഷ്ടപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷത്തിന്റെ പരാതികളിൽ കമ്മീഷൻ മൗനം തുടരുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ കടുത്ത വിമർശനം.
പ്രധാനമന്ത്രിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തിന്റെ പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് നൽകിയത്. 24 മണിക്കൂറിനകം ഇതിന് മറുപടി നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ ഖാർഗെയ്ക്കെതിരെ ശക്തമായ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. നോട്ടീസ് ലഭിച്ചതിൽ ഖാർഗെ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഇന്ന് വൈകുന്നേരത്തോടെ കമ്മീഷന് മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എല്ലാ ധാർമ്മിക അധികാരവും നഷ്ടപ്പെട്ടുവെന്നും, ജനാധിപത്യത്തെ ബലി നൽകാൻ ശ്രമിച്ച വ്യക്തിയായി ചരിത്രം അദ്ദേഹത്തെ ഓർക്കുമെന്നും ജയറാം രമേശ് വിമർശിച്ചു. പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം നൽകിയ പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ല എന്നതാണ് പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, ദൂരദർശനിലൂടെ പ്രധാനമന്ത്രി പ്രതിപക്ഷ പാർട്ടികൾക്കെതിരെ നടത്തിയ രാഷ്ട്രീയ കടന്നാക്രമണം ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും കമ്മീഷൻ ഒരു നോട്ടീസ് പോലും നൽകിയിട്ടില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രണ്ട് നീതിയാണ് കമ്മീഷൻ നടപ്പിലാക്കുന്നതെന്ന ആരോപണമാണ് കോൺഗ്രസ് ഈ വിഷയത്തിലൂടെ ശക്തമാക്കുന്നത്.