ആഗോള വിപണി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വീണ്ടും വലിയ വർധന. തിങ്കളാഴ്ച മാത്രം അസംസ്കൃത എണ്ണയുടെ വിലയിൽ മൂന്ന് ശതമാനത്തോളം വർധന രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റിലെ പുതിയ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിതരണ ശൃംഖലയെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയാണ് വില ഉയരാൻ പ്രധാന കാരണം. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ നീളുമെന്ന സൂചനകളും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.
ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 3.45 ശതമാനം ഉയർന്ന് 96.30 ഡോളറിലെത്തി. നയതന്ത്ര തലത്തിൽ സംഘർഷങ്ങൾക്ക് അയവുണ്ടാകുമെന്ന പ്രതീക്ഷകൾ അസ്ഥാനത്തായതാണ് വില വർധനവിന് ആക്കം കൂട്ടിയത്. വെടിനിർത്തൽ കരാറുകൾ നിലനിൽക്കെ ലെബനനിൽ ഇസ്രായേൽ നടത്തിയ പുതിയ ആക്രമണങ്ങളും തുടർന്നുണ്ടായ ഇറാൻ്റെ മിസൈൽ പ്രത്യാക്രമണങ്ങളും സ്ഥിതിഗതികൾ വഷളാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടസ്സപ്പെടാനുള്ള സാധ്യത ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ അസംസ്കൃത എണ്ണ വില സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.
ഇന്ധന വിലയിലുണ്ടാകുന്ന ഈ വർധന സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ഗുരുതരമായി ബാധിക്കും. ഇതിനകം തന്നെ ഉയർന്നു നിൽക്കുന്ന ഇന്ധന വിലയോടൊപ്പം എൽപിജി സിലിണ്ടറുകളുടെ വിലവർധനവ് വാണിജ്യ, വ്യാവസായിക മേഖലയിലുള്ളവർക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, എയർലൈനുകൾ തുടങ്ങിയ വിവിധ സേവന മേഖലകളെയും വിലക്കയറ്റം പ്രതികൂലമായി ബാധിക്കും. യാത്രാ ചെലവുകളിലും അവശ്യസാധനങ്ങളുടെ വിലയിലുമുണ്ടാകുന്ന വർധന പൊതുജനങ്ങളുടെ പ്രതിമാസ ബജറ്റിനെ താളം തെറ്റിക്കുമെന്ന ആശങ്കയും ശക്തമാണ്.