തിരുവനന്തപുരം: കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന് മാത്യു കുഴൽനാടൻ. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെയാണ് അദ്ദേഹം ലീഗിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. കോൺഗ്രസ് പാർട്ടി ലീഗിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ലെന്നും, തിരിച്ചും ആ നിലപാട് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
രാഷ്ട്രീയമായി മുസ്ലിം ലീഗ് എപ്പോഴൊക്കെ ആക്രമിക്കപ്പെട്ടിട്ടുണ്ടോ, അപ്പോഴൊക്കെ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നിട്ടുണ്ട്. അതിനാൽ പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകുന്നതാണ് മുന്നണിയ്ക്ക് നല്ലത്. പാർട്ടി തീരുമാനിക്കുന്ന ആളാകും മുഖ്യമന്ത്രിയാകുക. ഇക്കാര്യത്തിൽ കോൺഗ്രസിനുള്ളിൽ യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളുമില്ല. ആരും വിജയം മറക്കരുതെന്നും, ഏറ്റവും നീതിയുക്തവും ജനാധിപത്യപരവുമായ തീരുമാനം തന്നെ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിൻ്റെ നിർണായക നിയമസഭാ കക്ഷിയോഗം ഉടൻ ആരംഭിക്കും. ഞായറാഴ്ചയോടെ തന്നെ മുഖ്യമന്ത്രി ആരാകുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ടോടെ ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ പ്രത്യേക കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ ചുമതല ഹൈക്കമാൻഡിനെ ഏൽപ്പിച്ചുകൊണ്ട് നിയമസഭാ കക്ഷിയോഗം ഇന്ന് പ്രമേയം പാസാക്കും.