തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി പുതിയ വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. യു.ഡി.എഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ യാഥാർഥ്യമാകുന്നത്.
യു.ഡി.എഫ് പ്രകടനപത്രികയിൽ ‘ഇന്ദിര ഗ്യാരണ്ടി’യുടെ ഭാഗമായാണ് വയോജന വകുപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. പദ്ധതികൾ നടപ്പിലാക്കുമോ എന്ന കാര്യത്തിൽ ആശങ്കകൾ നിലനിൽക്കെയാണ് സർക്കാർ അതിവേഗം ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് സർക്കാരിന് മാർഗനിർദേശങ്ങൾ നൽകുന്ന ഒരു കമ്മീഷൻ പ്രവർത്തിക്കുന്നുണ്ട്. ഈ കമ്മീഷന്റെ പ്രവർത്തനങ്ങൾ കൂടി പുതിയ വകുപ്പുമായി കൂട്ടിയോജിപ്പിച്ചുകൊണ്ടാകും മുന്നോട്ട് പോകുക.
വയോജന വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്: മുതിർന്ന പൗരന്മാർക്കുള്ള ക്ഷേമപെൻഷൻ കൃത്യമായി വിതരണം ചെയ്യുക, പ്രായമായവർക്ക് മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുക, വയോജനങ്ങളുടെ സുരക്ഷ, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പുവരുത്തുക. കൂടാതെ, യുവാക്കളുടെ ഉന്നമനത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും യു.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. വയോജന വകുപ്പ് നിലവിൽ വന്നതോടെ വരും നാളുകളിൽ യുവജന വകുപ്പുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.