തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഇനി മുതൽ ‘ജെൻഡർ ടിക്കറ്റ്’ സംവിധാനം നിലവിൽ വരുന്നു. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാർ സ്ത്രീയാണോ പുരുഷനാണോ എന്ന് പ്രത്യേകം രേഖപ്പെടുത്തുന്ന പുതിയ രീതിക്ക് തുടക്കമായി. യുഡിഎഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായാണ് ഈ നടപടി.
ടിക്കറ്റ് നൽകുന്ന ഇടിഎം മെഷീനുകളിൽ യാത്രക്കാരുടെ ലിംഗവിവരങ്ങൾ രേഖപ്പെടുത്താനുള്ള അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനിൽ രേഖപ്പെടുത്താൻ കണ്ടക്ടർമാർക്ക് നിർദേശം നൽകി. ഈ സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനായി കണ്ടക്ടർമാർക്ക് ഐടി വിഭാഗം പരിശീലനം നൽകും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർക്കായിരിക്കും ഇതിൻ്റെ മേൽനോട്ട ചുമതല.
പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം പേർ വനിതകളാണ് എന്നാണ് കണക്കാക്കുന്നത്. ഈ പുതിയ സംവിധാനത്തിലൂടെ സ്ത്രീ യാത്രക്കാരുടെ എണ്ണവും വിവരങ്ങളും ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഇന്ദിര ഗ്യാരണ്ടി നടപ്പിലാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത മുൻകൂട്ടി കണക്കാക്കാൻ ഈ വിവരശേഖരണം സഹായിക്കും. യാത്രക്കാരുടെ എണ്ണം കൃത്യമായി മനസിലാക്കിയ ശേഷം സൗജന്യ യാത്ര നടപ്പിലാക്കുമെന്നാണ് യുഡിഎഫ് നേതൃത്വം അറിയിക്കുന്നത്. സൗജന്യ യാത്രയ്ക്ക് ദൂരപരിധിയുണ്ടാകുമോ തുടങ്ങിയ സംശയങ്ങൾ ബാക്കിയുണ്ടെങ്കിലും, ജോലിക്കും ആവശ്യങ്ങൾക്കുമായി കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാരായ സ്ത്രീകൾ ഇതിൽ സന്തോഷം പ്രകടിപ്പിക്കുന്നു.