ന്യൂഡൽഹി: കുവൈറ്റിലും ബഹ്റിനിലുമായി യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ മേഖലയിൽ കടുത്ത ആശങ്ക ഉയർത്തുന്നു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ കുവൈത്തിലെ യുഎസ് സേനയ്ക്ക് നേരെ വിക്ഷേപിച്ച ഇറാനിയൻ ഡ്രോണുകൾ ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഒന്നിലധികം ഡ്രോണുകളെ വിജയകരമായി തടയുകയും വെടിവെച്ചിടുകയും ചെയ്തെന്നും, ആക്രമണത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് പരിക്കുകളോ സ്വത്തുക്കൾക്ക് നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും സൈന്യം അറിയിച്ചു.
കഴിഞ്ഞയാഴ്ച അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടതിന് പിന്നാലെ, ഇറാനിയൻ റഡാർ സംവിധാനങ്ങളിലും ഡ്രോൺ കേന്ദ്രങ്ങളിലും അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനുള്ള പ്രതികാര നടപടിയായാണ് കുവൈത്തിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ വിക്ഷേപിച്ചത്. ഇതിനുപുറമെ, ബുധനാഴ്ച പുലർച്ചെ ബഹ്റൈനിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചു. കുവൈത്തിലെ ശത്രു താവളങ്ങളിൽ മൂന്ന് മിസൈലുകൾ പതിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടെങ്കിലും, വരാനിരിക്കുന്ന ഭീഷണികൾ തങ്ങൾ സജീവമായി തടയുകയാണെന്ന് കുവൈത്ത് സൈന്യം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനും വെടിനിർത്തൽ ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നുണ്ടെങ്കിലും, ഇടയ്ക്കിടെയുണ്ടാകുന്ന ഇത്തരം പ്രത്യാക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. ചർച്ചകൾ പുരോഗമിക്കുമ്പോഴും കരാറിലെത്താൻ ഇരുപക്ഷവും എത്രത്തോളം സന്നദ്ധമാണെന്നതിൽ വ്യക്തതയില്ല. പുതിയ ആക്രമണങ്ങൾ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയും, നിലവിലുള്ള ദുർബലമായ വെടിനിർത്തൽ കരാറിനെ അപകടത്തിലാക്കുകയും ചെയ്യുന്നതായി അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.