വാഷിങ്ടൺ: വാണിജ്യ വ്യാപാര കാര്യങ്ങളിൽ ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് അമേരിക്ക. ഇന്ത്യയും യു.എസും തമ്മിലുള്ള നിർണായക വ്യാപാര ചർച്ചകൾ പുരോഗമിക്കവെയാണ് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജമീസൺ ഗ്രീർ യുഎസ് കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ തങ്ങളുടെ കാർഷിക വിപണി സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നത് അമേരിക്കൻ ഭരണകൂടം ഔദ്യോഗികമായി അംഗീകരിക്കുന്നതിന്റെ സൂചനയാണ്.
വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ നിർണായക ചർച്ചകളിൽ പങ്കെടുക്കുന്നത്. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ അമേരിക്കയിലെ ഇറക്കുമതി തീരുവ 18% ആയി കുറയ്ക്കാൻ ധാരണയായിട്ടുണ്ട്.
ഇന്ത്യ ദീർഘകാലമായി തങ്ങളുടെ കാർഷിക വിപണിയെ സംരക്ഷിച്ചു നിർത്തുന്ന നയമാണ് സ്വീകരിച്ചുപോരുന്നത്. പുതിയ വ്യാപാര കരാറിലും ഈ മേഖലയിൽ വലിയ വിട്ടുവീഴ്ചകൾക്ക് ഇന്ത്യ തയ്യാറല്ലെന്ന് ഗ്രീർ യുഎസ് കോൺഗ്രസിനെ അറിയിച്ചു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന പകരതീരുവ നീക്കാനും മുൻപ് ധാരണയായിരുന്നു. എന്നാൽ ഫെബ്രുവരി 20-ന് യുഎസ് സുപ്രീം കോടതി പകരതീരുവയ്ക്ക് എതിരായി വിധി പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിൽ വ്യാപാര കരാറിലെ വ്യവസ്ഥകൾ ഒന്നുകൂടി പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് ഇന്ത്യ.