പേരാമ്പ്ര: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാറിന് തീപിടിക്കാനുള്ള കാരണം പെട്രോളാണെന്ന നിഗമനത്തിലാണ് പോലീസ്. വാഹനത്തിന്റെ ഇന്ധന ടാങ്കിന് യാതൊരുവിധ ചോർച്ചയുമില്ലെന്നും, അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്നും ഫോറൻസിക്, മോട്ടോർ എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിൽ വ്യക്തമായിരുന്നു. ഇതോടെയാണ് കാറിനുള്ളിൽ പെട്രോൾ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
ഏതെങ്കിലും രീതിയിൽ കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിലും ടൗണിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു കഴിഞ്ഞു. ഇതിനിടയിൽ, ഒരു സ്ത്രീ കന്നാസുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് സൂചന. അതേസമയം, സോനയുടെ മരണത്തിൽ ആദ്യമേ ദുരൂഹത ആരോപിച്ച കുടുംബം ഭർത്താവ് റിജിൻ ലാലിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി.
മരിക്കുന്ന ദിവസം പോലും റിജിൻ സോനയുമായി കടുത്ത വഴക്കിലായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. സോന ഭർത്താവിൽ നിന്നും നിരന്തരം മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നതായും, താൻ നേരിട്ട ക്രൂരതകളെല്ലാം സോന മാതൃസഹോദരിയുടെ മകളോട് തുറന്നുപറഞ്ഞിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി. ഗർഭിണിയായ യുവതിയുടെ ദാരുണാന്ത്യത്തിന് പിന്നിലെ യഥാർത്ഥ ചുരുളഴിക്കാൻ പമ്പുകൾ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പോലീസ് അന്വേഷണം ദ്രുതഗതിയിൽ മുന്നോട്ട് കൊണ്ടുപോവുകയാണ്.