ചെന്നൈ: ഐപിഎൽ 2026ൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി. ചെന്നൈയുടെ സ്വന്തം തട്ടകത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് മുംബൈയെ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെ ചെന്നൈ അനായാസം മറികടന്നു.
അർധസെഞ്ചുറി നേടിയ ഗെയ്ക്വാദിന്റെയും മികച്ച പിന്തുണ നൽകിയ കാർത്തിക് ശർമ്മയുടെയും പ്രകടനമാണ് ചെന്നൈയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഗെയ്ക്വാദ് 48 പന്തിൽ പുറത്താകാതെ 67 റൺസ് നേടിയപ്പോൾ, കാർത്തിക് ശർമ്മ 40 പന്തിൽ 54 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ മലയാളി താരം സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. 9 പന്തിൽ 11 റൺസെടുത്താണ് സഞ്ജു പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഗെയ്ക്വാദ് – ഉർവിൽ പട്ടേൽ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. പട്ടേൽ മടങ്ങിയ ശേഷം ക്രീസിലെത്തിയ കാർത്തിക് ശർമ്മ ക്യാപ്റ്റനൊപ്പം ചേർന്ന് ചെന്നൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസ് എടുത്തത്. 37 പന്തിൽ 57 റൺസെടുത്ത നമാൻ ധിർ മാത്രമാണ് മുംബൈ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ചെന്നൈ ബൗളർമാരുടെ മികച്ച പ്രകടനമാണ് മുംബൈയെ ചെറിയ സ്കോറിൽ ഒതുക്കിയത്. ചെന്നൈയ്ക്കായി അൻഷുൽ കംബോജ് മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ നൂർ അഹമ്മദ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. രാമകൃഷ്ണ ഘോഷ്, ജാമി ഓവർട്ടൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മറുപടി ബൗളിംഗിൽ മുംബൈ നിരയിൽ ജസ്പ്രീത് ബുംറയ്ക്കും ഹസൻ ഫാരിനും മാത്രമാണ് ഓരോ വിക്കറ്റുകൾ നേടാനായത്. ഈ നിർണായക വിജയത്തോടെ ഒമ്പത് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് മുന്നേറി. അതേസമയം, കളിച്ച ഒമ്പത് മത്സരങ്ങളിൽ ഏഴിലും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.