തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്താനായി പുതിയ സർക്കാർ ധവളപത്രം പുറത്തിറക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ചതോടെ ‘ധവളപത്രം’ എന്ന പ്രയോഗം വീണ്ടും പൊതുചർച്ചകളിൽ ഇടംപിടിക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം വ്യക്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക രേഖയാണിത്. സാധാരണയായി പുതിയൊരു സർക്കാർ അധികാരത്തിൽ വരുമ്പോഴോ, അല്ലെങ്കിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴോ ആണ് ഇത്തരമൊരു രേഖ സർക്കാർ പുറത്തിറക്കാറുള്ളത്.
ധവളപത്രത്തിൽ സർക്കാരിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ ഉൾപ്പെടുത്താറുണ്ട്. പൊതുവിപണിയിൽ നിന്നുള്ള കടമെടുപ്പ്, കേന്ദ്ര സർക്കാർ വായ്പകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ ബാധ്യതകൾ എന്നിവ ഇതിൽ വ്യക്തമാക്കുന്നു. ജി.എസ്.ടി, മദ്യം, പെട്രോളിയം ഉത്പന്നങ്ങൾ, ലോട്ടറി, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവ വഴി ലഭിക്കുന്ന നികുതി വരുമാനവും, കേന്ദ്ര വിഹിതവും ഗ്രാന്റുകളും സംബന്ധിച്ച വിവരങ്ങളും ഇതിൽ പ്രതിഫലിക്കും. കൂടാതെ, ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ റവന്യൂ ചെലവുകളും വികസന പ്രവർത്തനങ്ങൾക്കായുള്ള മൂലധന ചെലവുകളും ഇതിലൂടെ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
ധനക്കമ്മിയും റവന്യൂക്കമ്മിയും സംബന്ധിച്ച വ്യക്തമായ ചിത്രം നൽകുന്നതിനൊപ്പം കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക വളർച്ചയും തകർച്ചയും താരതമ്യം ചെയ്യുന്ന ഗ്രാഫുകളും ചാർട്ടുകളും ധവളപത്രത്തിലുണ്ടാകും. നികുതി പിരിവിലെ വീഴ്ചകൾ, കേന്ദ്ര വിഹിതത്തിലെ കുറവ്, പ്രകൃതിദുരന്തങ്ങൾ എന്നിവ മൂലമുള്ള സാമ്പത്തിക പ്രതിസന്ധികളും ഇതിൽ തുറന്നുപറയാറുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി സർക്കാർ സ്വീകരിക്കാൻ പോകുന്ന കർശന നടപടികൾ, ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ, വരുമാനം വർദ്ധിപ്പിക്കാനുള്ള പുതിയ മാർഗങ്ങൾ എന്നിവയും ധവളപത്രത്തിലൂടെ പൊതുജനങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കുന്നു.