ലക്നൗ: ഉത്തർപ്രദേശിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസദ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിലെ ഇന്ദിരാപുരം അഭയ് ഖണ്ഡിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഖോദ, ഇന്ദിരാപുരം പൊലീസ് സംയുക്തമായി നടത്തിയ നീക്കത്തിനിടെ പ്രതി പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്.
പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ സൂര്യ ചൗഹാനെ (17) കഴിഞ്ഞ മെയ് 28-നാണ് അസദും സംഘവും ക്രൂരമായി കൊലപ്പെടുത്തിയത്. ഈദ് ആഘോഷിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയ സൂര്യയുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയിൽ അസദ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതിൽ മൂന്ന് പേരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അസദിനെ പിടികൂടുന്നതിനായി 50,000 രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുന്നതിനിടെ മോട്ടോർ സൈക്കിളിലെത്തിയ അസദും സംഘവും പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
സഹോദരനെ അസദും സംഘവും നിർബന്ധിച്ചാണ് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതെന്ന് സൂര്യയുടെ സഹോദരി വ്യക്തമാക്കി. ഏഴ് പേരടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു. വയറ്റിലേറ്റ കുത്താണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. കുത്തേറ്റ ശേഷം സൂര്യ 200 മീറ്ററോളം ഓടിയെങ്കിലും അസദ് പിന്തുടർന്നെത്തി വീണ്ടും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.