ന്യൂഡൽഹി: പ്രശസ്ത ഫോട്ടോഗ്രാഫറും ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവുമായ രഘു റായ് അന്തരിച്ചു. 83 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ചരിത്രങ്ങളെ പതിറ്റാണ്ടുകളോളം ക്യാമറക്കണ്ണിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.
1984-ലെ ഭോപ്പാൽ ദുരന്തത്തിന്റെ ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത് രഘു റായുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായിരുന്നു. ദുരന്തത്തിൽ മരിച്ച കുഞ്ഞിനെ അടക്കം ചെയ്യുന്ന ചിത്രം ചരിത്രത്തിലെ ഏറ്റവും വേദനയേറിയ ദൃശ്യങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു. മദർ തെരേസ, ഇന്ദിരാഗാന്ധി, സത്യജിത്ത് റേ, പണ്ഡിറ്റ് രവിശങ്കർ തുടങ്ങിയ പ്രമുഖരുടെ ജീവിതം മുതൽ തെരുവോരങ്ങൾ, ഗ്രാമീണ ജീവിതം, ഉത്സവങ്ങൾ എന്നിങ്ങനെ സാധാരണക്കാരുടെ ജീവിതം വരെ അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞു.
1942-ൽ ഇന്നത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു രഘു റായിയുടെ ജനനം. സിവിൽ എഞ്ചിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും 1965-ൽ ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. 1966-ൽ ‘ദി സ്റ്റേറ്റ്സ്മാൻ’ പത്രത്തിലൂടെ തുടക്കം കുറിച്ചു. പിന്നീട് സൺഡേ മാഗസിന്റെയും ‘ഇന്ത്യാ ടുഡേ’ മാഗസിന്റെയും ഫോട്ടോ എഡിറ്ററായി പ്രവർത്തിച്ചു. 1977-ൽ ലോകപ്രശസ്ത ഫോട്ടോഗ്രാഫി കൂട്ടായ്മയായ ‘മാഗ്നം ഫോട്ടോസി’ലേക്ക് ഇതിഹാസ ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ ബ്രെസൺ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തു. 1972-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.