ന്യൂഡൽഹി: ഇന്ത്യൻ പുരുഷ സീനിയർ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിൻ ബോളിങ് കോച്ചായി സായ്രാജ് ബഹുതുലെയെ ഭാരതീയ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. കളിക്കാരനായും പരിശീലകനായും ദീർഘകാലത്തെ പരിചയസമ്പത്തുള്ള വ്യക്തിയാണ് ബഹുതുലെ. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച സ്പിൻ പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള പരിശീലകനാണ് അദ്ദേഹം.
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായാണ് 53-കാരനായ ബഹുതുലെ ഇന്ത്യൻ ടീമിനൊപ്പം ചേരുന്നത്. ടെസ്റ്റിന് പുറമെ പരിമിത ഓവർ ക്രിക്കറ്റിലും ഇന്ത്യൻ സ്പിന്നർമാരെ സജ്ജരാക്കുക എന്നത് അദ്ദേഹത്തിന്റെ പ്രധാന ചുമതലയായിരിക്കും. നിലവിൽ ഇന്ത്യൻ ടീമിന് മാത്രമായി ഒരു സ്പിൻ ബോളിങ് കോച്ച് ഇല്ലാത്ത സാഹചര്യത്തിലാണ് ഈ നിയമനം. ഇന്ത്യൻ ജേഴ്സിയിൽ രണ്ട് ടെസ്റ്റുകളും എട്ട് ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള ബഹുതുലെ, ടെസ്റ്റിൽ 39 റൺസും ഏകദിനത്തിൽ 23 റൺസും നേടിയിട്ടുണ്ട്.
ഐ.പി.എൽ 2026-ൽ പഞ്ചാബ് കിങ്സിന്റെ സ്പിൻ ബോളിങ് കോച്ചായായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സേവനം. ഇതിനുമുൻപ് 2018 മുതൽ 2021 വരെ രാജസ്ഥാൻ റോയൽസിന്റെ സപ്പോർട്ട് സ്റ്റാഫിന്റെ ഭാഗമായിരുന്ന അദ്ദേഹം, ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ സ്പിൻ ബോളിങ് കോച്ചായി നിയമിതനായതിൽ വലിയ ബഹുമതിയുണ്ടെന്ന് സായ്രാജ് ബഹുതുലെ പ്രതികരിച്ചു. ഒരു കളിക്കാരനായി ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് അഭിമാനകരമായിരുന്നുവെന്നും, ഇപ്പോൾ പരിശീലകന്റെ വേഷത്തിൽ ഇന്ത്യൻ ക്രിക്കറ്റിനായി വീണ്ടും സംഭാവന നൽകാൻ അവസരം ലഭിച്ചത് ഏറെ സവിശേഷമാണെന്നും അദ്ദേഹം ബി.സി.സി.ഐ പ്രസ്താവനയിൽ വ്യക്തമാക്കി.