ന്യൂഡൽഹി: അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യൻ തേയില ഇനങ്ങളുടെ ജൈത്രയാത്ര തുടരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ തേയില കയറ്റുമതി മേഖല 93 ശതമാനത്തിന്റെ വിപ്ലവകരമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2013-14 സാമ്പത്തിക വർഷത്തിൽ 4,509 കോടി രൂപയായിരുന്ന കയറ്റുമതി വരുമാനം, ഇപ്പോൾ 8,719 കോടി രൂപയെന്ന ചരിത്ര നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര തേയില ദിനത്തിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് രാജ്യത്തിന്റെ ഈ അഭിമാനകരമായ സാമ്പത്തിക നാഴികക്കല്ല് പുറത്തുവിട്ടത്.
ചായ വെറുമൊരു പാനീയമല്ല, മറിച്ച് ഒരു വികാരമാണെന്ന് പീയൂഷ് ഗോയൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഇന്ത്യയിലുടനീളം ദൈനംദിന ജീവിതത്തിന്റെയും സംഭാഷണങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഭാഗമാണ് ചായയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ വൈവിധ്യമാർന്ന തേയില ഇനങ്ങളെയും അവയുടെ ഉത്പാദന മേഖലകളെയും പരിചയപ്പെടുത്തുന്ന പ്രത്യേക ഇൻഫോഗ്രാഫിക്സും അദ്ദേഹം പങ്കുവെച്ചു. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ തേയിലയുടെ സമ്പന്നത ആഗോള വിപണിയിൽ എത്തിക്കുന്നതിനുമായി ടീ ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന നിരന്തര ശ്രമങ്ങളാണ് ഈ വൻ വിജയത്തിന് പിന്നിൽ.
ഇന്ത്യയുടെ തനത് പ്രാദേശിക തേയില ഇനങ്ങൾക്ക് ലഭിക്കുന്ന ആഗോള അംഗീകാരമാണ് ഈ വരുമാന വളർച്ചയ്ക്ക് പ്രധാന കാരണം. ഇതിൽ ഭൂരിഭാഗം തേയിലയ്ക്കും ഭൂമിശാസ്ത്രപരമായ സൂചിക (ജിഐ) ടാഗ് ലഭിച്ചിട്ടുണ്ട്. പാരമ്പര്യ കേന്ദ്രങ്ങൾക്ക് പുറമെ ത്രിപുര, ബീഹാർ, കർണാടക, ഉത്തരാഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കും ഇപ്പോൾ തേയില കൃഷി വ്യാപകമായിട്ടുണ്ട്. ഡാർജിലിംഗ് കുന്നുകൾ മുതൽ അസം താഴ്വരകളും നീലഗിരിയും വരെ നീളുന്ന ഇന്ത്യയിലെ ഓരോ പ്രദേശത്തെയും തേയിലയ്ക്ക് വ്യത്യസ്തമായ രുചിയും സുഗന്ധവുമാണുള്ളത്. അതിലോലമായ മസ്കറ്റൽ രുചിയുള്ള ഡാർജിലിംഗ് ചായയും, വേറിട്ട രുചിയുള്ള അസം ചായയും ആഗോള വിപണി കീഴടക്കുമ്പോൾ, ദക്ഷിണേന്ത്യയിൽ നിന്നുള്ള നീലഗിരി ചായയും കാംഗ്ര താഴ്വരയിലെ തേയിലയും അന്താരാഷ്ട്ര വാങ്ങലുകാരുടെ പ്രിയപ്പെട്ട ഇനങ്ങളായി മാറി കഴിഞ്ഞു.