ഇന്ത്യ: ഇന്ത്യയിൽ വീണ്ടും നോട്ടുനിരോധനം വരുമോ? 10 രൂപയൊഴികെ എല്ലാ കറൻസികളും പിൻവലിക്കാൻ നിർദേശിച്ച് ബേൺസ്റ്റീൻ. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റീൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ഒരു തുറന്ന കത്താണ് ഇപ്പോൾ സാമ്പത്തിക ലോകത്തെ പ്രധാന ചർച്ചാവിഷയം. ഇന്ത്യയിൽ 10 രൂപയുടെ നോട്ട് ഒഴികെ ബാക്കി എല്ലാ ഉയർന്ന മൂല്യമുള്ള കറൻസികളും അടുത്ത 5 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി അസാധുവാക്കണം എന്നാണ് കത്തിലെ പ്രധാന നിർദേശം. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കൂടുതൽ സുതാര്യമാക്കാനും ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കാനുമാണ് ഈ നീക്കം.
രാജ്യത്ത് ഡിജിറ്റൽ പേയ്മെൻ്റുകൾ അതിവേഗം വളർച്ച കൈവരിച്ചെങ്കിലും ഇപ്പോഴും വൻതോതിൽ പണമിടപാടുകൾ നടക്കുന്നുണ്ടെന്ന് ബേൺസ്റ്റീൻ വിലയിരുത്തുന്നു. ഇത്തരം പണമിടപാടുകൾ പലതും കണക്കിൽ പെടാറില്ല. ഇത് നികുതി വെട്ടിക്കാനും കള്ളപ്പണ ഇടപാടുകൾക്കും വഴിവെക്കുന്നു. എന്നാൽ ഇടപാടുകൾ ബാങ്ക് വഴിയോ യുപിഐ വഴിയോ ആകുമ്പോൾ അത് സ്വാഭാവികമായും കണക്കുകളിൽ പെടുകയും നികുതി വലയിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കാതെ വരികയും ചെയ്യും. ഇത് സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കാൻ സഹായിക്കുമെന്നാണ് ബേൺസ്റ്റീന്റെ വിലയിരുത്തൽ. സാങ്കേതിക മുന്നേറ്റങ്ങളുടെ വെറും ഉപഭോക്താവായി മാത്രം മാറാതെ, ഇത്തരം സാങ്കേതിക വിദ്യകളെ നിയന്ത്രിക്കുന്ന നിലയിലേക്ക് ഇന്ത്യ മാറണമെന്നും കത്തിൽ പറയുന്നു.
ഒറ്റ ക്ലിക്കിൽ പണമിടപാട് നടത്താവുന്ന യുപിഐക്ക് ഇന്ത്യയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പേഴ്സിൽ പണം കൊണ്ടുനടക്കാൻ മടിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗവും. എടിഎം കാർഡുകളുടെ ഉപയോഗം പോലും ഗണ്യമായി കുറഞ്ഞു. എങ്കിലും പൂർണ്ണമായും ഒരു ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്ക് മാറുമ്പോൾ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഹോട്ടലുകളിലും മറ്റും പണമടക്കാൻ നിൽക്കുമ്പോൾ യുപിഐ പണിമുടക്കുന്നത് പലപ്പോഴും ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കാറുണ്ട്. ഇപ്പോഴും പല ചെറുകിട കച്ചവട സ്ഥാപനങ്ങളിലും ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനങ്ങൾ ഇല്ലാത്തത് ഒരു പോരായ്മയാണ്. വലിയ പണമിടപാടുകൾ നിരുത്സാഹപ്പെടുത്താനുള്ള കൂടുതൽ നടപടികൾ വരും നാളുകളിൽ ഉണ്ടായേക്കാം.