മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം (Gross FDI) റെക്കോർഡ് ഉയരത്തിലെത്തി. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 94.5 ബില്യൺ ഡോളറാണ് ഈ കാലയളവിൽ രാജ്യത്ത് എത്തിയത്. ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും വിദേശ നിക്ഷേപകർക്ക് ഇന്ത്യയിലുള്ള വിശ്വാസം തുടരുന്നതിന്റെ വ്യക്തമായ തെളിവാണ് ഈ വർധനയെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
നടപ്പു സാമ്പത്തിക വർഷത്തിൽ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം 90 മുതൽ 95 ബില്യൺ ഡോളർ വരെ എത്തുമെന്ന് ചീഫ് ഇക്കണോമിക് അഡ്വൈസർ അനന്ത നാഗേശ്വരൻ നേരത്തെ പ്രവചിച്ചിരുന്നു. നിക്ഷേപകർ ഇന്ത്യയെ ഇപ്പോഴും സുരക്ഷിതവും മികച്ചതുമായ നിക്ഷേപ കേന്ദ്രമായി തന്നെയാണ് കാണുന്നതെന്നതിന്റെ പ്രധാന സൂചനയാണിതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വരും വർഷങ്ങളിലും വിദേശ നിക്ഷേപ മേഖലയിലെ ഈ മുന്നേറ്റം തുടരുമെന്നാണ് സാമ്പത്തിക ലോകത്തിന്റെ പൊതുവായ പ്രതീക്ഷ.
ആകെ നിക്ഷേപത്തിൽ വലിയ വർധനവുണ്ടായെങ്കിലും, വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചതും ഇതേ കാലയളവിൽ ശ്രദ്ധേയമായി. നിക്ഷേപകരുടെ ലാഭമെടുപ്പും പണം പിൻവലിക്കലും 2026 സാമ്പത്തിക വർഷത്തിൽ 53.58 ബില്യൺ ഡോളറായി ഉയർന്നു. ഇന്ത്യൻ കമ്പനികൾ വിദേശത്ത് നടത്തിയ 33.29 ബില്യൺ ഡോളറിന്റെ നിക്ഷേപം കൂടി കണക്കിലെടുക്കുമ്പോൾ, ഇന്ത്യയുടെ അറ്റ വിദേശ നിക്ഷേപം (Net FDI) 7.65 ബില്യൺ ഡോളറാണ്. മുൻ സാമ്പത്തിക വർഷത്തിൽ ഇത് ഒരു ബില്യൺ ഡോളറിൽ താഴെയായിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ മെച്ചപ്പെട്ട സ്ഥിതിവിശേഷം. ഇന്ത്യൻ ഓഹരി വിപണിയുടെ കരുത്തും ഐപിഒ വിപണിയിലെ സജീവതയുമാണ് നിക്ഷേപകർക്ക് ലാഭമെടുക്കാൻ അവസരമൊരുക്കിയതെന്ന് അനന്ത നാഗേശ്വരൻ വിശദീകരിച്ചു.