തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖയെ വിമർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ ഉയർന്ന വിവാദ മുദ്രാവാക്യങ്ങളിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം. മുതിർന്ന ഉദ്യോഗസ്ഥയും സഹപ്രവർത്തകയുമായിരുന്ന ശ്രീലേഖ സേനയോട് കൂടുതൽ അനുഭാവപൂർവ്വം പെരുമാറണമായിരുന്നുവെന്ന് ഡിജിപി അഭിപ്രായപ്പെട്ടു. ശ്രീലേഖയ്ക്കെതിരായ കേസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നെട്ടയം സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വട്ടിയൂർക്കാവിലെ പൊലീസ് സ്റ്റേഷൻ മാർച്ച് നടന്നത്. ‘പോടാ പുല്ലേ പോലീസേ’ എന്ന വിവാദ മുദ്രാവാക്യം ഉയർന്നതിന് പിന്നാലെ പൊലീസ് നടപടിയെടുക്കുകയും ചെയ്തു. ഈ കേസിൽ ആർ. ശ്രീലേഖ അഞ്ചാം പ്രതിയാണ്. ഡെപ്യൂട്ടി മേയർ ആശാനാഥ് ആറാം പ്രതിയുമാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾ പങ്കെടുത്ത മാർച്ചിൽ പൊലീസിനെതിരെ ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നതാണ് വിമർശനത്തിന് കാരണമായത്.
ശബരിമല ഹെലികോപ്റ്റർ വിവാദത്തിലും തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെക്കുറിച്ചും ഡിജിപി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. ശബരിമലയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഫ്ലൈറ്റ് പാതയിൽ വന്ന വ്യതിയാനത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഡിജിപി അറിയിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ അപകടകാരണം വ്യക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.